Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് വെള്ളം; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

സിയാൽ റൺവെയുടെ തെക്ക്പടിഞ്ഞാറ് ഭാഗത്തെ ചെങ്ങൽത്തോട്ടിൽ വെള്ളംകെട്ടി നിറഞ്ഞ നിലയിൽ.

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അശാസ്ത്രീയമായ റൺവെ നിർമ്മാണത്തെ തുടർന്ന് പ്രളയക്കെടുതിക്കിരയായ  നെടുവന്നൂർ, ആവണംകോട്, കപ്രശ്ശേരി മേഖലയിലുള്ളവർ വെള്ളപ്പൊക്ക പ്രതിരോധ ആക്ഷൻ കൗൺസിൽ രൂപവൽക്കരിച്ച് നിയമനടപടിക്കൊരുങ്ങുന്നു. 
പെരിയാറിന്റെ പ്രധാന കൈവഴിയായ ചെങ്ങൽത്തോട് അടച്ചുകെട്ടിയാണ് 92-97 കാഘട്ടത്തിൽ  നെടുമ്പാശ്ശേരി വിമാനത്താവള കമ്പനി റൺവെ നിർമ്മിച്ചത്. അതിന് ശേഷം മഴക്കാലത്തും തുടർച്ചയായുണ്ടായ മഹാ പ്രളയങ്ങളിലും പ്രദേശവാസികൾ ഏറെ പ്രയാസം അനുഭവിച്ചെങ്കിലും സിയാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. 


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അധീനതയിലുള്ള 1200 ഏക്കറോളം ഭാഗത്തെ വെള്ളം വൻ കാനകൾ നിർമ്മിച്ചാണ് ആവണംകോട് റെയിൽവെ മേൽപാലത്തിൽ നിന്നാരംഭിക്കുന്ന മൂന്നര കിലോ മീറ്ററോളം ദൂരമുള്ള കൈതക്കാട്ടുചിറയിൽ ഒഴുകിയെത്തുന്നത്. എന്നാൽ മഴവെള്ളവും യന്ത്ര സഹായത്താൽ പമ്പ് ചെയ്ത് വരുന്ന വെള്ളവും കൈതക്കാട്ടുചിറക്ക് താങ്ങാനാകില്ല. 550 ഏക്കർ വിസ്തൃതിയുള്ള ഗോൾഫ് പ്രദേശത്തെയും സിയാലിന്റെ സിവേജ് ട്രീറ്റ്‌മെൻറ് പ്ലാന്റിലെയും വെള്ളം കൈതക്കാട്ടുചിറയിലാണെത്തുന്നത്. 
എന്നാൽ ഇവിടെ നിന്ന് വെള്ളം സുഗമമായി പടിഞ്ഞാറോട്ടൊഴുകി പെരിയാറിൽ സംഗമിക്കാനാകാതെ ആവണംകോട് റെയിൽവെ മേൽപാലത്തിന് താഴെനിന്ന് കിഴക്കോട്ടൊഴുകി നെടുവന്നൂർ ആവണംകോട് മേഖലയും, ആലക്കട, തവിടപ്പിള്ളി, മാപ്പിരിയാടം പട്ടികജാതി കോളനികളും വെള്ളത്തിലാവുകയാണ്. ചെങ്ങമനാട് പഞ്ചായത്തിലെ ഏഴ് മുതൽ 10 വരെയുള്ള നാലു വാർഡുകളും, നെടുമ്പാശ്ശേരി പഞ്ചായത്തിലെ 11ാം വാർഡിലെ ഏക്കർക്കണക്കിന് വിവിധയിനം കൃഷികളും കെടുതിക്കിരയാവുകയാണ്. റൺവെ നിർമ്മാണവേളയിൽ അടച്ചുകെട്ടിയ ചെങ്ങൽത്തോടിന് പകരം നിർമ്മിച്ച സമാന്തര കനാലിൽ നീരൊഴുക്ക് തടസമായിരിക്കുകയുമാണ്. 


വിമാനത്താവളത്തിലെ വെള്ളം 200, 100 എച്ച്.പികളുടെ ആറ് മോട്ടോറുകൾ ഉപയോഗിച്ചാണ് കൈതക്കാട്ടുചിറയിലേക്കും, ചെങ്ങൽത്തോട്ടിലേക്കും രൂക്ഷമായ തോതിൽ  പമ്പ് ചെയ്യന്നത്. റൺവെ നിർമ്മാണ വേളയിൽ അശാസ്ത്രീയമായാണ് ആവണംകോട് ഭാഗത്ത് പകരമായി പൊതുമരാമത്ത് റോഡ്  നിർമ്മിച്ചിട്ടുള്ളതും. ഇത്തരത്തിലുള്ള മേഖലയിലെ രൂക്ഷമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സിയാൽ 129.3 കോടി ബജറ്റിൽ ചെലവഴിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രൂക്ഷാവസ്ഥ നേരിടുന്ന ആവണംകോട്, നെടുവന്നൂർ, കപ്രശ്ശേരി പ്രദേശങ്ങളേയോ, കോളനികളേയോ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു. അശാസ്ത്രീയമായി നിർമ്മിച്ച തോടുകളെ സംബന്ധിച്ച് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി പഠനം നടത്തുക, നെടുവന്നൂർ-ചൊവ്വര റോഡിൽ സിയാലിന് വേണ്ടി ജലഅതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈൻ നീരൊഴുക്കിന് തടസമായതിനാൽ മേൽപാലം നിർമ്മിക്കുക, കൈതക്കാട്ടുചിറയിലെ ചളി നീക്കി ഇരുവശവും കെട്ടി സംരക്ഷിക്കുകയും ഒറ്റവഴി ചെറിയപാലം മുതൽ ദേശീയപാതയിൽ പറമ്പയം പാലം വഴി പെരിയാറിൽ സുഗമമായി ജലമൊഴുക്കാൻ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ 10 ഇന ആവശ്യങ്ങളുന്നയിച്ചാണ് നിയമ നടപടിക്കൊരുങ്ങുന്നത്. 

Latest News