റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം

ഡുംക- റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ ജാര്‍ഖണ്ഡില്‍ മൂന്നാമത്തെ പട്ടിണി മരണം. ദേവ്ഗഡ് ജില്ലയിലെ തഡിയാറ ഗ്രാമത്തില്‍ 64-കാരനായ രൂപ്ലാല്‍ മറാണ്ഡിയാണ് ഭക്ഷണം ലഭിക്കാതെ പട്ടിണികിടന്നു മരിച്ചതെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു.
 
ഏതാനും മാസങ്ങള്‍ക്കു മുമ്പ് അപകടത്തല്‍പ്പെട്ട മറാണ്ഡി കാലൊടിഞ്ഞ് കിടപ്പിലായിരുന്നു. ഭാര്യയും മകളുമടങ്ങുന്ന മൂന്നംഗ കുടുംബത്തിന് പ്രദേശത്ത് റേഷന്‍ കടയില്‍നിന്ന് ഭക്ഷ്യധാന്യവും ലഭിച്ചില്ല. മകള്‍ സനോദിയുടെ വിരലടയാളം ബയോമെട്രിക് രേഖകളുമായി യോജിച്ചില്ലെന്ന കാരണം പറഞ്ഞ് റേഷന്‍ കടക്കാരന്‍ ഇവര്‍ക്ക് റേഷനും നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
 
അച്ഛന്‍ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് മകള്‍ സനോദി പറഞ്ഞു. ധാന്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്തിട്ട് കുറെ നാളുകളായെന്നും സനോദി പറയുന്നു. ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ സെപ്റ്റംബര്‍ 28-നു ശേഷം സമാനകാരണത്താല്‍ സംഭവിക്കുന്ന മൂന്നാമത് പട്ടിണി മരണമാണിത്.
 
നേരത്തെ റേഷന്‍ കാര്‍ഡ് നിഷേധിക്കപ്പെട്ട കുടുംബത്തിലെ 11-കാരി ഭക്ഷണം ലഭിക്കാതെ മരിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് 45-കാരനായ റിക്ഷക്കാരന്‍ റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടിണി കിടന്നു മരിച്ചത്. ഈ മരണങ്ങള്‍ പട്ടിണി മൂലമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മറാണ്ഡിയുടെ മരണവും പട്ടിമൂലമല്ലെന്ന് മോഹന്‍പൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു. സെപ്്റ്റംബറില്‍ ഈ കുടുംബത്തിന് റേഷന്‍ നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Latest News