Sorry, you need to enable JavaScript to visit this website.
Wednesday , October   21, 2020
Wednesday , October   21, 2020

മനസ്സിനുള്ളിൽ മസിനഗുഡി

താമസ കേന്ദ്രങ്ങളിൽ ഒന്ന്
മസിനഗുഡി ടൗൺ 
മസിനഗുഡിയുടെ പ്രകൃതിഭംഗി
മസിനഗുഡിയുടെ പ്രകൃതിഭംഗി
മസിനഗുഡിയുടെ പ്രകൃതിഭംഗി
മൈസൂരു-മസി.ഗുഡി റോഡ് 
ഊട്ടി-മസിനഗുഡി റോഡ് 

പ്രകൃതിഭംഗിയുടെ  അപാരത കാണണമെങ്കിൽ തമിഴ്‌നാട്ടിലെ മസിനഗുഡിയിലേക്ക് വരിക. തമിഴ്‌നാട് കർണാടക അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് പശ്ചിമ ഘട്ട മലനിരകളുടെ മടിത്തട്ടിൽ മസിനഗുഡി സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്ക് മസിനഗുഡി എന്നും ഹരമാണ്. കോയമ്പത്തൂരാണ് ഏറ്റവും അടുത്ത വിമാനത്താവളം. നൂറ് കി.മീ അകലെ. റെയിൽവേ സ്റ്റേഷൻ മേട്ടുപാളയം. ഇവിടെ നിന്ന് 46 കിലോ മീറ്ററാണ് ദൂരം. 


ഊട്ടിയിൽ നിന്നും  30 കിലോമീറ്റർ ദൂരത്തിൽ കാടിനകത്തായാണ് ഈ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലേയും മൈസൂരുവിലേയും തിരക്കും ബഹളവുമില്ല. ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ നിന്ന് ആശ്വാസത്തിന്റെ തുരുത്ത് തേടിയെത്തിയവരെയും ധാരാളമായി കാണാം. നിത്യഹരിത വനങ്ങൾക്കിടയിൽ മുളങ്കാടുകളുടെ സംഗീതം നുകർന്ന് ശുദ്ധ വായു ശ്വസിച്ച് മസിനഗുഡിയിൽ ചെലവിട്ട നിമിഷങ്ങൾ അവിസ്മരണീയമായിരിക്കും. 
കേരളത്തിൽ നിന്നും പ്രധാനമായും മൂന്ന്  വഴികളാണ് മസിനഗുഡിയിലേക്ക്.  വയനാട് ഗൂഡല്ലൂർ വഴിയും മലപ്പുറം നിലമ്പൂർ ഗൂഡല്ലൂർ വഴിയും ദക്ഷിണ കേരളത്തിലുള്ളവർക്ക് കൊച്ചി, പട്ടാമ്പി, ഗൂഡല്ലൂർ വഴിയും മസിനഗുഡിയിൽ എത്താൻ സാധിക്കും.


ഗൂഡല്ലൂരിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് മുതുമല വന്യജീവി സങ്കേതത്തിലൂടെയാണ് റോഡ്. കാടിനകത്തെ റോഡിലേക്കു കടന്നാൽ വാഹനങ്ങൾ നിർത്താൻ അനുവാദമില്ല. നിർത്തിയാൽ വനപാലകർ നടപടിയെടുക്കും.  മാനുകളും മയിലുകളും റോഡിനടുത്ത് വിഹരിക്കുന്നു. ധാരാളം കുരങ്ങുകളെയും കാണാം. 
നീലഗിരി മലനിരകളുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് മുതുമല. കർണാടകയും കേരളവുമായി അതിർത്തി പങ്കിടുന്ന മുതുമല ദേശീയോദ്യാനം കടുവാസങ്കേതം കൂടിയാണ്. നെല്ലക്കോട്ട, കാർഗുഡി, മുതുമല, തെപ്പക്കാട് എന്നിങ്ങനെ അഞ്ചു വനമേഖലകളാണ് ഈ സങ്കേതത്തിൽ ഉൾപ്പെടുന്നത്. മുതുമല വഴി കുറച്ചു ദൂരം പിന്നിട്ടാൽ തെപ്പക്കാട്. വലത്തോട്ട് തിരിഞ്ഞാൽ മസിനഗുഡി. 
മസിനഗുഡി റോഡ്, ഊട്ടി മൈസൂർ റോഡിൽ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്. ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികൾ ഓപറേറ്റ് ചെയ്യുന്നത്.  തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണൽ പാർക്ക്.


 ഒരു വാഹനത്തിന് കടന്നു പോകാൻ പാകത്തിലുള്ള ഇരുമ്പു പാലമാണ് മസിനഗുഡി റോഡിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. റോഡിനും അത്ര വീതിയേ ഉള്ളൂ. വീതി കുറവാണെങ്കിലും വൃത്തിയുള്ള റോഡ്. ഇരുവശവും മനോഹരമായ കാനനക്കാഴ്ചകൾ. സഫാരി ജീപ്പുകളാണ്  റോഡിലെ  വാഹനങ്ങളിലേറെയും.  ഉയരമില്ലാത്ത മരങ്ങൾക്കിടയിൽ മാനുകൾ മേഞ്ഞു നടക്കുന്നു. 
മസിനഗുഡി ഏകദേശം 320 ചതുരശ്ര കി.മീ  ചുറ്റളവിലുള്ള റിസർവ് ടൈഗർ ഫോറസ്റ്റാണ്. മസിനഗുഡിയിൽ ഏതു സമയം പോയാലും ആനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും മാൻകൂട്ടങ്ങളെയും കാണാൻ സാധിക്കും.


മുതുമല  മസിനഗുഡി ഊട്ടി റോഡുകൾ മനോഹരവും പ്രകൃതി രമണീയവും ഒപ്പം അപകടം പിടിച്ചതുമാണ്. ഹരം പകരുന്ന ഡ്രൈവ് ഫീൽ ലഭിക്കുമെങ്കിലും പതുക്കെ ക്ഷമയോടെ പോകേണ്ട റൂട്ടാണിത്. മസിനഗുഡി ഊട്ടി സ്‌ട്രെച്ചിൽ 36 ഹെയർ പിന്നുകളിലും സേഫ്റ്റി മിറർ സ്ഥാപിച്ചിട്ടുണ്ട്. എതിരെ വരുന്നവരെ മിററിൽ ശ്രദ്ധിച്ചാൽ കാണുവാൻ സാധിക്കും. മുതുമല മുതൽ മസിനഗുഡി വരെ റോഡിൽ പലയിടങ്ങളിലും  നിരവധി ഹമ്പുകളുമുണ്ട്. 


ഇവിടെ പതുക്കെ പോകാനേ പറ്റൂ,  ക്ഷമയോടെ പ്രകൃതിയേയും വന്യമൃഗങ്ങളേയും കാടിനേയും വീക്ഷിച്ച്. സഞ്ചാരികളുടെ മനസ്സിലും ഫ്രെയിമിലും ഒരിക്കലും മായാതെ പതിയുന്ന പ്രകൃതിയും റോഡും കെട്ടുപിണഞ്ഞ നൂറുകണക്കിന് മനോഹരമായ സ്‌പോട്ടുകൾ കാണാം ഈ റൂട്ടിൽ.


മസിനഗുഡി വരെ പോയിട്ട് കൺനിറയെ കാഴ്ചകളുമായല്ലാതെ ആരും മടങ്ങിയിട്ടില്ല. ആനകളും മാൻകൂട്ടങ്ങളും കടുവകളും മയിലുകളുമെല്ലാം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ചെറിയ പട്ടണമാണെങ്കിലും താമസ സൗകര്യം വേണ്ടത്രയുണ്ട്. റിസോർട്ടുകളും ഹോം സ്‌റ്റേകളും ലഭ്യമാണ്. മനോഹരമായ തടാകവും ഡാമും കാണിച്ചു തരാൻ ഗൈഡുകളും യഥേഷ്ടം. 

Latest News