Sorry, you need to enable JavaScript to visit this website.

താങ്കൾ മതേതര വാദിയായോ; ഉദ്ധവ് താ്ക്കറെയെ പരിഹസിച്ച് മഹാരാഷ്ട്ര ഗവർണർ

മുംബൈ- കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനെ ചൊല്ലി മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി തർക്കം. ഉദ്ധവ് പെട്ടെന്നു മതേതരം ആയോ?' എന്നു പരിഹസിച്ച് ഗവർണർ മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. തനിക്ക് ആരിൽനിന്നും ഹിന്ദുത്വ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു. 

'താങ്കൾ ഹിന്ദുത്വത്തിന്റെ വലിയ ആരാധകൻ ആയിരുന്നല്ലോ. മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. ആഷാദി ഏകാദശിക്ക് പന്ദർപുരിലെ വിത്തൽ രുക്മിണി മന്ദിറിലെത്തി പൂജ നടത്തി.  ദൈവത്തിൽനിന്ന് എന്തെങ്കിലും താക്കീത് കിട്ടുന്നതു കൊണ്ടാണോ ആരാധനാലയങ്ങൾ തുറക്കുന്നതു താങ്കൾ മാറ്റിവച്ചുകൊണ്ടിരിക്കുന്നത്. അതോ ഒരു കാലത്ത് താങ്കൾ വെറുത്തിരുന്ന വാക്കായ 'മതേതരം' ആയി മാറിയോ എന്നും ചോദിച്ചാണ് തിങ്കളാഴ്ച ഗവർണർ കത്തയച്ചത്. 
മറ്റു നഗരങ്ങളിൽ ജൂണിൽ തന്നെ ആരാധനാലയങ്ങൾ തുറന്നുവെന്നും അവിടെയൊന്നും കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചിട്ടില്ല. ബാറുകളും റസ്‌റ്റൊറന്റുകളും ബീച്ചുകളും തുറന്നെങ്കിലും നമ്മുടെ ദൈവങ്ങളെ മാത്രം ലോക്ഡൗണിൽ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും ഗവർണർ ആരോപിച്ചു. 

എന്നാൽ തനിക്ക് ആരിൽനിന്നും ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മറാത്തിയിലെഴുതിയ മറുപടിയിൽ ഉദ്ധവ് തിരിച്ചടിച്ചു. ദൈവത്തിന്റെ മുന്നറിയിപ്പ് ഒരുപക്ഷേ, താങ്കൾക്കു ലഭിക്കുന്നുണ്ടാകാം. ഞാൻ അത്ര മഹാനൊന്നുമല്ല. ആരാധനാലയങ്ങൾ തുറക്കുന്നതും മതനിരക്ഷേപതുമായി ബന്ധമില്ലെന്നും തിടുക്കപ്പെട്ട് ലോക്ഡൗൺ നടപ്പാക്കിയതു തെറ്റായിപ്പോയെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
മുംബൈയെ പാക്ക് അധിനിവേശ കശ്മീർ എന്ന് അധിക്ഷേപിച്ചവരെ പുഞ്ചിരിയോടെ ക്ഷണിക്കുന്ന ആളുകളെ ഹിന്ദുത്വത്തിന്റെ വിശേഷണത്തിൽ താൻ ഉൾപ്പെടുത്തില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

Latest News