Sorry, you need to enable JavaScript to visit this website.

ഹാഥ്‌റസ്: അവൾ സമ്പന്ന കുടുംബാംഗം ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? യുപി സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

ലഖ്‌നൗ- ഹാഥ്‌റസില്‍ ഉയര്‍ന്ന ജാതിക്കാരുടെ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ പോലീസ് തിരക്കിട്ട് അര്‍ധരാത്രി സംസ്‌ക്കരിച്ച നടപടിയെ അലഹാബാദ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇന്നലെ കേസ് പരിഗണിച്ച കോടതി പെണ്‍കുട്ടിയുടെ കുടുംബത്തിന്റേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും വാദം കേട്ടു. വീണ്ടും പരിഗണിക്കുന്നതിനായി കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റി. മാധ്യമങ്ങള്‍ക്കു പ്രവേശനമില്ലാതെയാണ് തിങ്കളാഴ്ച കോടതി വാദം കേട്ടത്. അതീവ സുരക്ഷയില്‍ നടന്ന കോടതി നടപടികളില്‍ 15ഓളം പേര്‍ മാത്രമാണ് പങ്കെടുത്തത്. കേസ് ഉത്തര്‍ പ്രദേശിനു പുറത്തേക്കു മാറ്റണമെന്നും കുടുംബം കോടതിയോട് ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട പെണ്‍കുട്ടി നിങ്ങളുടെ കുടുംബാംഗമായിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്ന് കോടതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചതായി പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്‌വാഹ പറഞ്ഞു. കേസ് യുപിക്കു പുറത്തേക്കു മാറ്റുക, അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് രഹസ്യമാക്കുക, കേസ് തീരുന്നതുവരെ കുടുംബത്തിന് സുരക്ഷ നല്‍കുക എന്നീ  മൂന്ന് ആവശ്യങ്ങളാണ് സീമ കോടതിയോട് ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌ക്കരിച്ചത് ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്നും ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടര്‍) പ്രവീണ്‍ കുമര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

എല്ലാ പൗരന്മാര്‍ക്കും കുടുംബാംഗങ്ങളാല്‍, അവരുടെ മതാചാര പ്രകാരം സംസ്‌ക്കരിക്കപ്പെടാനുള്ള അവകാശമുണ്ടെന്ന് കേസില്‍ അമിക്കസ് കൂറിയായി കോടതി നിയമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ജെ എന്‍ മാഥൂര്‍ കോടതിയില്‍ പറഞ്ഞു. മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25 അദ്ദേഹം ഉദ്ധരിച്ചു.
 

Latest News