Sorry, you need to enable JavaScript to visit this website.

പി.ടി. തോമസിന്റെ ക്രമക്കേടുകൾക്കെതിരെ വീക്ഷണം ജീവനക്കാരുടെ പരാതി

കൊച്ചി- കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ പി.ടി. തോമസ് മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ച കാലയളവിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ ജീവനക്കാരുടെ പരാതി. മുൻ മാർക്കറ്റിംഗ് മാനേജർ മുതൽ റിപ്പോർട്ടർമാർ വരെയുള്ള 23 പേരാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയത്.


2017- മാർച്ചിൽ വീക്ഷണം മാനേജിംഗ് ഡയറക്ടറായി പി.ടി. തോമസ് ചുമതലയേറ്റശേഷം സ്ഥാപനം മൂന്നര കോടിയുടെ കടബാധ്യതയിലെത്തിയെന്ന് കത്തിൽ പറയുന്നു. ജീവനക്കാർക്കു ഏഴു മാസം ശമ്പള കുടിശ്ശികയായി. കുടിശ്ശിക നൽകാനായി കെ.പി.സി.സിയിൽനിന്ന് ഒന്നര കോടി രൂപ കൈമാറി. പരസ്യം, സർക്കുലേഷൻ ഇനങ്ങളിൽ എട്ടു കോടിയോളം രൂപ വരവുണ്ടായിട്ടും വീക്ഷണത്തിന് ഇത്ര വലിയ ബാധ്യതയുണ്ടായതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കെ.പി.സി.സി അന്വേഷണ കമ്മീഷൻ വീക്ഷണം കൊച്ചി ഓഫീസിലെ നടത്തിപ്പിലെ പിഴവും ധൂർത്തും കണ്ടെത്തിയിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണം. വീക്ഷണത്തിന്റെ എറണാകുളം ധനലക്ഷ്മി ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ ഒരു കോടി രൂപ വായ്പയെടുത്തത് എന്തിനുപയോഗിച്ചുവെന്ന് വ്യക്തമാക്കണം. ചെക്കോ ഡ്രാഫ്റ്റോ ഉപയോഗിക്കാതെ 30 ലക്ഷം രൂപ വരെ പണമായി പിൻവലിച്ചത് ദുരുദ്ദേശപരമാണ്. ഒരു വർഷത്തിലധികമായി സോഫ്റ്റ്‌വെയർ തകരാറുമൂലം പത്ര ഏജന്റുമാർക്ക് ബില്ലു നൽകാതിരിക്കുന്നതിനു പിന്നിലും സാമ്പത്തിക തട്ടിപ്പാണെന്ന് ജീവനക്കാർ പറയുന്നു.


പരസ്യ ഇനത്തിൽ മാത്രം രണ്ടര കോടിയോളം രൂപ പിരിഞ്ഞു കിട്ടിയിട്ടില്ല. സ്വയം പിരിഞ്ഞു പോവുകയോ പിരിച്ചുവിടുകയോ ചെയ്ത ജീവനക്കാർക്കു യാതൊരു ആനുകൂല്യവും നൽകാത്തത് നീതികേടാണ്. ഒരു കൊല്ലത്തിലധികമായി ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കാതെ തിരിമറി നടത്തി. 2019-ലെ വീക്ഷണം കലണ്ടർ അച്ചടിച്ചതിൽ കമ്പനി ഡയറക്ടർ ജയ്‌സൺ ജോസഫ് നടത്തിയ രഹസ്യ ഇടപാടിനെക്കുറിച്ചും അന്വേഷിക്കണം. എം.ഡി സ്ഥാനം രാജിവെച്ചിട്ടും ചീഫ് എഡിറ്റർ സ്ഥാനം ഒഴിയാതെ മാനേജർമാരെ മുന്നിൽ നിർത്തി പിൻസീറ്റ് ഡ്രൈവിംഗ് നടത്തുകയാണ് പി.ടി. തോമസ്. ശമ്പളം ചോദിച്ചതിന്റെ പേരിൽ പതിറ്റാണ്ടുകൾ വീക്ഷണത്തിൽ ജോലി ചെയ്ത പാർട്ടി കുടുംബാംഗങ്ങളായ 20 ലധികം ജീവനക്കാരെയാണ് പി.ടി. തോമസ് പുറത്താക്കിയത്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഓടിയെത്തി കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ പി.ടി. തോമസിന് പട്ടിണിയിലായ വീക്ഷണം ജീവനക്കാരുടെ മുഖത്തേക്ക് നോക്കാൻ പോലും നേരമുണ്ടായില്ലെന്നാണ് ജീവനക്കാരുടെ പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയിട്ടുണ്ട്.

Latest News