സ്വപ്നയുടെ മൊഴി; സി.പി.എം ചാനൽ ചർച്ചകളിൽനിന്ന് പിൻമാറി

  • മുഖ്യമന്ത്രിക്ക് മൗനം; മിണ്ടാനാവാതെ പാർട്ടി

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെ എട്ടിലധികം തവണ സ്വകാര്യമായി സന്ദർശിച്ചെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത് വന്നതോടെ ചാനൽ ചർച്ചകളിൽനിന്നും സി.പി.എം പിൻമാറി. സ്വപ്‌നയുടെ മൊഴിയിൽ ചാനലുകളിൽ പങ്കെടുക്കുന്ന പാർട്ടി പ്രതിനിധികൾക്ക് ഉത്തരം മുട്ടുന്നതിനലാണ് ചർച്ചകളിൽ നിന്ന് പിൻതിരിയാൻ കാരണം. മുഖ്യമന്ത്രി മൗനം പാലിച്ചതോടെ സി.പി.എം നേതാക്കൾക്കും എന്തുപറയണമെന്നറിയില്ല.


സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളിലെ സംവാദങ്ങളിൽ പാർട്ടി പ്രതിനിധികൾ തൽക്കാലം പങ്കെടുക്കില്ലെന്നാണ് ചാനലുകളോട് കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽനിന്ന് അറിയിച്ചത്. ഒരേ വിഷയം ആവർത്തിച്ചു ചർച്ച ചെയ്യുമ്പോൾ അതിൽ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നാണ് സി.പി.എം ഇതിന് കാരണമായി പറയുന്ന ന്യായം. എന്നാൽ സ്വപ്‌നയുമായുള്ള സ്വകാര്യ കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ഇപ്പോഴും പ്രതികരിക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. അതിനാൽ സി.പി.എമ്മും എന്ത് പറയണമെന്ന നിലപാട് എടുത്തിട്ടില്ല. ഇതാണ് തൽകാലം ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് നയിച്ചത്. മുഖ്യമന്ത്രി പുതിയ വിവാദത്തെ കുറിച്ച് ആദ്യം പ്രതികരിക്കട്ടെ എന്ന നിലപാടാണ് സി.പി.എം നേതൃത്വം കൈക്കൊണ്ടതെന്നും സൂചനയുണ്ട്.


തനിക്ക് സ്വപ്‌നയെ ഔദ്യോഗികമായി മാത്രമേ അറിയൂ, സ്‌പെയിസ് പാർക്കിൽ ജോലി ലഭിച്ചതിനെപറ്റി അറിയില്ല എന്നൊക്കെയാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. സ്വപ്‌ന ക്ലിഫ് ഹൗസിൽ സ്വകാര്യ സന്ദർശനം നടത്തിയെന്നും എല്ലാത്തിനും ശിവശങ്കറിനെ ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും സ്വപ്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമായി പറഞ്ഞതോടെ എങ്ങനെ പ്രതിരോധിക്കണമെന്നും പാർട്ടിക്ക് വ്യക്തതയില്ല. പാർട്ടിയിൽ ഇപ്പോൾ അന്തിമ വാക്ക് പിണറായി വിജയന്റേതാണ്. അതിനാൽ പിണറായി ശബ്ദിച്ചാലെ പാർട്ടിയിലെ മറ്റാർക്കും പ്രതികരിക്കാൻ സാധിക്കുകയുള്ളൂ.


 

Latest News