Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലാ, കാഞ്ഞിരപ്പള്ളി തീരുമാനം പിന്നീട്; കേരള കോൺഗ്രസ് നിലപാട് പ്രഖ്യാപനത്തിന്

  • തദ്ദേശ സീറ്റുകളിൽ ഇടതു മുന്നണിയുമായി ധാരണയായി

കോട്ടയം- കേരള കോൺഗ്രസ് എം രാഷ്ട്രീയ നിലപാട് പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലെന്ന് സൂചന. ഇടതു മുന്നണിയുമായുള്ള സീറ്റു ചർച്ചകൾ പൂർത്തിയായി എന്നാണറിയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളിൽ ഏറെക്കുറെ ധാരണയായി. നിയമസഭാ സീറ്റുകളിൽ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന്റെ വൈകാരിക മണ്ഡലങ്ങളായ പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ തീരുമാനം പിന്നീടേക്കു മാറ്റി. പാലാ പാർട്ടിക്കു തന്നെ നൽകുമെന്ന സൂചനയാണ് ഇടതു കേന്ദ്രങ്ങളിൽനിന്നും ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയത്. വെള്ളിയാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ ഇതുവരെയെത്തിയ ധാരണകളുടെ അടിസ്ഥാനത്തിലാണെങ്കിൽ അതിനു മുമ്പു തന്നെ പ്രഖ്യാപനം വന്നേക്കാം.

 

പാലാ സീറ്റിന്റെ കാര്യത്തിൽ ജോസ് കെ. മാണിയും, മാണി സി. കാപ്പനും തങ്ങളുടെ വൈകാരിക ആഭിമുഖ്യം തുറന്നു പറഞ്ഞു കഴിഞ്ഞു. പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ യു.ഡി.എഫിലേക്ക് ചേരുമെന്നു വരെ മാണി സി. കാപ്പൻ അനുയായികൾ സൂചന നൽകി കഴിഞ്ഞു. എന്നാൽ കേരള കോൺഗ്രസ് എം വിട്ടുപോകുന്നതിനെ തുടർന്ന് ലഭിക്കുന്ന കോട്ടയത്തെ വിജയസാധ്യതയുള്ള സീറ്റ് മാണി സി. കാപ്പനായി വിട്ടുകൊടുക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയാറല്ല. കാപ്പന്റെ വരവ് എങ്ങനെയും പ്രതിരോധിക്കാനാണ് അവരുടെ നീക്കം. പാലായിലെ പ്രബല കത്തോലിക്കാ കുടുംബമായ കാപ്പന് പാലാ എന്നത് സ്വപ്‌ന ഭൂമിയാണ്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിൽ പാലായിൽ തുടർച്ചയായി മത്സരിച്ചാണ് കാപ്പൻ മണ്ഡലം കെ.എം. മാണി മരിച്ച ശേഷമുളള ഉപതെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത്. കാപ്പൻ കുടുംബം കോൺഗ്രസ് പാരമ്പര്യമുള്ളതാണ്. കാപ്പൻ യു.ഡി.എഫിലേക്കു ചുവടുമാറ്റുമെന്ന ചർച്ചകളുടെ അടിസ്ഥാനവും ഇതുതന്നെ. എന്നാൽ തന്റെ പിതാവ് 50 വർഷം നിയമസഭാംഗമായിരുന്ന മണ്ഡലം കേരള കോൺഗ്രസ് എമ്മിന് വേണമെന്നതാണ് ജോസ് കെ. മാണിയുടെ നിലപാട്. ഇക്കാര്യത്തിൽ ഇടതു മുന്നണിയുമായി ധാരണയിലെത്തി എന്നുതന്നെയാണ് സൂചന. 


സി.പി.ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന് വിട്ടു നൽകി പകരം ചങ്ങനാശ്ശേരി സ്വീകരിക്കുമെന്നും സൂചനയുണ്ട്. ഇതോടെ സി.പി.ഐയുടെ എതിർപ്പ് കുറയ്ക്കാനായിട്ടുണ്ട്. ഇടതു പക്ഷവുമായി സഹകരിക്കാനുള്ള സന്നദ്ധത ആദ്യം ജോസ് കെ. മാണി വിഭാഗം പ്രകടിപ്പിക്കും. അതേ തുടർന്നായിരിക്കും ഇടതു മുന്നണി യോഗം തങ്ങളുടെ നിലപാട് വിശദീകരിക്കുക. അതിനിടെ, പാലാ സീറ്റ് സംബന്ധിച്ച് യാതൊരു പ്രശ്നവുമില്ലെന്നും വെള്ളിയാഴ്ചക്കകം മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ജോസ് കെ. മാണി അറിയിച്ചു. കേരള കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കാത്തിടത്തോളം മറ്റ് പ്രശ്നങ്ങളില്ലെന്നും നിലപാട് പ്രഖ്യാപിച്ച ശേഷമെ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു. പാലാ മാണിക്ക് ഭാര്യയെങ്കിൽ എനിക്ക് ചങ്കാണെന്നും മാണി സി. കാപ്പൻ പറഞ്ഞിരുന്നു. പാലാ സീറ്റിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടന്നിട്ടില്ലെന്നും പാലാ എന്നത് സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണെന്നുമാണ് ജോസ് കെ. മാണി പ്രതികരിച്ചത്.
 

Latest News