Sorry, you need to enable JavaScript to visit this website.

നാട്ടിൽ തുറൈഫ് ഹോട്ടൽ തുറന്ന്  തുറൈഫുകാരുടെ താരമായി അബ്ദുസ്സമദ് 

അബ്ദുസ്സമദും സ്‌പോൺസറുടെ മകനും സൗദി ടി.വി ചാനലിൽ

തുറൈഫ്- കേരളത്തിൽ സ്വന്തം നാട്ടിൽ തുറൈഫ് എന്ന പേരിൽ ഹോട്ടൽ ആരംഭിച്ച അബ്ദുസ്സമദ് ഇന്ന് തുറൈഫിലെ സ്വദേശികൾക്കിടയിൽ താരമാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്വദേശികൾ അബ്ദുസ്സമദിനെ കുറിച്ചുള്ള ചാനലിൽ വന്ന വീഡിയോ റിപ്പോർട്ട് പ്രത്യേക കമന്റുകൾ നൽകി ഏറെ താൽപര്യത്തോടെ ഷെയർ ചെയ്തും സ്റ്റാറ്റസ് ആക്കിയും സന്തോഷം പങ്കുവെക്കുകയാണ്. 
കൊറോണ വരുന്നതിനു മുമ്പ് നാട്ടിൽ അവധിക്കു പോയി നാട്ടിൽ കുടുങ്ങിപ്പോയ സമദ്  ജീവിത മാർഗം എന്ന നിലയിലാണ് തുറൈഫ് എന്ന പേരിൽ ഹോട്ടൽ തുടങ്ങിയത്. 50 കാരനായ അബ്ദുസ്സമദ് തന്റെ ജീവിതത്തിന്റെ പകുതിയിൽ അധികവും തുറൈഫിലാണ് കഴിച്ചുകൂട്ടിയത്. 26 വർഷം ഒരേ സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു. സ്‌പോൺസർ സുലൈമാൻ സാലിഹ് ആയിരുന്നു. അദ്ദേഹം ആറു വർഷം മുമ്പ് മരണപ്പെട്ടു. ഇപ്പോൾ മക്കളാണ് കമ്പനിയുടെ മേലധികാരികൾ. 

 

സുലൈമാൻ സാലിഹ് തുറൈഫിലെ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ സകലരും ബഹുമാനിച്ച വ്യക്തിയായിരുന്നു. എല്ലാവർക്കും നന്മ ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഹോട്ടൽ, പെട്രോൾ പമ്പ്, ലോഡ്ജുകൾ, വർക്‌ഷോപ്പുകൾ, ബിൽഡിംഗ് ആന്റ് റോഡ് കൺസ്ട്രക്ഷൻ തുടങ്ങി അനേകം മേഖലകളിൽ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. അതിൽ ഒട്ടേറെ പേർ മലയാളികളുമാണ്. അബ്ദുസ്സമദ് തുറൈഫിലെ പുരാതനമായ ത്വലാൽ എന്ന ഹോട്ടലിലെ ക്യാഷ് കൗണ്ടറിലാണ് ജോലി നോക്കിയിരുന്നത്. 

തുറൈഫിലെ യുവാക്കൾ ഉൾപ്പടെ മുതിർന്നവരടക്കം എല്ലാ സ്വദേശികളെയും അറിയുകയും ചെയ്യും. ഒരിക്കൽ ഉംറക്ക് പോയപ്പോൾ തന്റെ റൂം പൂട്ടാൻ മറന്നുവെന്നും ഉംറയും മദീന സിയാറയും കഴിഞ്ഞു വന്നപ്പോൾ ഒന്നും നഷ്ടപ്പെടാതെ അതേപടി ഉണ്ടായിരുന്നതായി അബ്ദുസ്സമദ് പറയുന്നു. 

നാട്ടിൽ മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗറിൽനിന്ന് അൽപം പോയാൽ തന്റെ വീടായി. റോഡ് സൈഡിൽ നിർമിച്ച പുതിയ ഹോട്ടൽ തുറൈഫിൽ അറേബ്യൻ വിഭവങ്ങളായ മന്തി, മദ്ഹൂത്ത്, കബ്‌സ, അൽഫഹം തുടങ്ങിയ വിഭവങ്ങളാണുള്ളത്. കൊറോണ കാലമായിട്ടും നല്ല കച്ചവടമാണെന്ന് അബ്ദുസ്സമദ് പറഞ്ഞു. തുറൈഫിലെ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവും തനിക്ക് ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 


 

Latest News