ട്രംപിനെ അതിവേഗം കോവിഡ്മുക്തനാക്കിയ ആ അത്ഭുത മരുന്ന് ഇതാണ്....

വാഷിംഗ്ടണ്‍- കോവിഡ് ബാധിച്ച് ആശുപത്രിയിലായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കണ്ണടച്ചുതുറക്കും മുന്‍പാണ് രോഗമുക്തനായി വീണ്ടും പൊതുവേദിയിലെത്തിയത്.  ലോകമെമ്പാടുമായി ദശലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ കോവിഡ്. അതില്‍ 215,000 പേര്‍ യു.എസിലാണ്. ലോകം ഇതുവരെ മഹാമാരി ഭീഷണിയില്‍നിന്ന് മുക്തമായിട്ടില്ല. വിമാന സര്‍വീസുകള്‍ ഇനിയും സാധാരണ നിലയിലായിട്ടില്ല, ബ്രിട്ടനില്‍ കേസുകള്‍ ഉയരുമെന്നും ഫ്രാന്‍സ് രണ്ടാമത്തെ ലോക്ക്ഡൗണ്‍ പ്രതീക്ഷിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് അവിശ്വസനീയമാം വിധം ട്രംപ് രോഗമുക്തനായി  അതിവേഗം തിരിച്ചെത്തുന്നത്. 

ട്രംപിനെ രക്ഷിച്ച ആ അത്ഭുത മരുന്ന് ഏതാണ്?

ട്രംപിന് 'വ്യാഴം മുതല്‍ വെള്ളി വരെ' (ഒക്ടോബര്‍ 1-2, 2020) പനി ഉണ്ടായിരുന്നു. ഒക്ടോബര്‍ 2 ന് വൈകുന്നേരം 4 മണിക്ക് ട്രംപിന് റെജെനെറോണിന്റെ പരീക്ഷണ മരുന്നിന്റെ ഒരു ഡോസ് നല്‍കിയിരുന്നുവെന്ന് വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹത്തെ ഒരു സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

കൃത്രിമമായി നിര്‍മ്മിച്ച ആന്റിബോഡികള്‍ ട്രംപിന്റെ ശരീരത്തില്‍ കുത്തിവെച്ചുവത്രെ. വൈറസിനെ ചെറുത്തുനില്‍ക്കുന്ന ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടായിവരാന്‍ കാലതാമസമെടുക്കുന്നതുകൊണ്ടാണ്  രോഗമുക്തിയും താമസിക്കുന്നത്. ആന്റിബോഡികള്‍ വൈറസിനെ ഇല്ലാതാക്കുന്നതിനിടെ, നില വഷളായി രോഗി മരിക്കാം. ഈ സാധ്യതകളൊക്കെ കൃത്രിക ആന്റിബോഡികള്‍ ഇല്ലാതാക്കുന്നു. 

പ്രസിഡന്റ് ട്രംപിന് ലഭിച്ച അത്്ഭുത മരുന്നിന്റെ പേര്  REGN-COV2 എന്നാണ്. ഇത് മോണോക്ലോണല്‍ ആന്റിബോഡി കോക്‌ടെയില്‍ എന്നറിയപ്പെടുന്നു. യു.എസ് ബയോടെക് കമ്പനിയായ റെജെനെറോണാണ് അത് വികസിപ്പിച്ചെടുത്തത്. ഇത് നിലവില്‍ പരീക്ഷണാത്മക മരുന്നായാണ് കണക്കാക്കുന്നത്. 

വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ പ്രവേശിക്കുന്നതിനുമുമ്പ്, ട്രംപിന് വേഗത്തില്‍ REGN-COV2 നല്‍കി. ഒരു ജോഡി മോണോക്ലോണല്‍ ആന്റിബോഡികള്‍ ശരീരത്തിലെത്തുന്നതോടെ ചികിത്സയുടെ രീതി തന്നെ മാറുകയാണ്. ട്രംപ് വേഗം തന്നെ രോഗലക്ഷണങ്ങളില്‍നിന്ന് മുക്തമായതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതും ഇതിനാലാണത്രെ. ലോകത്ത് ഇതുവരെ 2000 പേരില്‍ മാത്രമേ ഈ ചികിത്സ നടപ്പാക്കിയിട്ടുള്ളുവെന്നും വിദഗ്ധര്‍ പറയുന്നു. മൂക്കിനുള്ളിലെ സ്രവത്തില്‍ വൈറസിന്റെ സാന്നിധ്യം അതിവേഗം ഇല്ലാതാക്കുകയാണ് ഇത് ചെയ്യുക. ഇതോടെ രോഗലക്ഷണം കുറയുന്നു. 

ആശുപത്രിയില്‍ എത്തിയ ശേഷം അദ്ദേഹത്തിന് ആന്റി വൈറല്‍ മരുന്നായ റെംഡെസിവറും സ്റ്റിറോയ്ഡ് ആയ ഡെക്‌സമെതസോണും നല്‍കിയിരുന്നു.

Latest News