Sorry, you need to enable JavaScript to visit this website.

കടലില്‍ വര്‍ണരാജി തീര്‍ക്കുന്ന ആല്‍ഗെകള്‍

കടൽ പോലെ പരന്നുകിടക്കുന്നതാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പ്രവർത്തന മണ്ഡലം. മത്സ്യങ്ങളെ കുറിച്ച് മാത്രമല്ല, മത്സ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സമുദ്രപ്രതിഭാസങ്ങളെ കുറിച്ചും കടലിലെ മറ്റനേകം സസ്യ-ജന്തുജാലങ്ങളെ കുറിച്ചും കൊച്ചി ആസ്ഥാനമായ സി.എം.എഫ്.ആർ.ഐ. ഗവേഷണം നടത്തിവരുന്നുണ്ട്. മത്സ്യങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ ഒട്ടനേകം ഘടകങ്ങൾ കടലിലുണ്ട്. മീനുകളുടെ ആഹാര ശൃംഖലയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു കടൽ വിഭവമാണ് സസ്യപ്ലവകങ്ങൾ. ഇവയിൽ തന്നെ നിരവധി ഇനങ്ങളുണ്ട്. ഈ ഗണത്തിൽ പെടുന്ന സൂക്ഷ്മ ആൽഗകൾ (മൈക്രോ ആൽഗെ) മീനുകളുടെ ഭക്ഷണത്തിന് അത്യാവശ്യമായ വസ്തുവാണ്. ഏറ്റവും വലിയ മീനായ തിമിംഗല സ്രാവ് പോലും ഇത്തരം സൂക്ഷമ ആൽഗകളടങ്ങിയ പ്ലവകങ്ങളാണ് ഭക്ഷണമായി കഴിക്കുന്നത്. നീലത്തിമിംഗലത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

കടലിൽ മാത്രമല്ല, തീരദേശ മത്സ്യകൃഷികളിലും കൂടുകൃഷികളിലും ചെമ്മീൻ-കക്ക് കൃഷികളിലും ഈ ആൽഗകൾ ഒരു അനിവാര്യ ഘടകമാണ്. മത്സ്യകൃഷിക്ക് ആവശ്യമായ ഗുണനിലവാരമുള്ള മീൻ-ചെമ്മീൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള വിത്തുൽപാദന കേന്ദ്രങ്ങളിൽ മുട്ടയിൽ നിന്ന് വിരിയുന്ന ലാർവകൾക്ക് സൂക്ഷമ ആൽഗകളാണ് ഭക്ഷണമായി നൽകുന്നത്. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഇത്തരം ആൽഗകളെ സൂക്ഷമമായി വിലയിരുത്താനും വേർതിരിച്ചെടുത്ത് വളർത്താനും സി.എം.എഫ്.ആർ.ഐ.യിൽ പ്രത്യേകം സജ്ജീകരിച്ച പരീക്ഷണശാല തന്നെയുണ്ട്. സി.എം.എഫ്.ആർ.ഐ. നടത്തിവരുന്ന ഗവേഷണപ്രവർത്തനങ്ങളുടെ ഫലമായാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹാച്ചറികളിലും മറ്റും സൂക്ഷമ ആൽഗകൾ ഉപയോഗിച്ചുവരുന്നത്.

സി.എം.എഫ്.ആർ.ഐ. ചെയ്ത് വരുന്നത്

കടലിൽ നിന്നും വെള്ളം ശേഖരിച്ച് ഇവയിൽ അടങ്ങിയ അനേകം ആൽഗയിനങ്ങളെ പ്രത്യേകം സജ്ജീകരിച്ച പരീക്ഷണ ശാലകളിൽ സസൂക്ഷ്മം വിലയിരുത്തി വേർതിരിച്ചെടുക്കുന്നു. ആൽഗകളിൽ മീനുകൾക്ക് ഗുണകരമായതും അല്ലാത്തവയുമുണ്ടാകും. ഇവയിൽ നിന്ന് ഓരോ മീനിനും യോജിച്ച ആൽഗകളെ കണ്ടെത്തി വേർതിരിച്ചെടുക്കുന്നു. ശേഷം ഇവയെ അനുയോജ്യമായ ധാതുലവണങ്ങൾ ചേർത്ത ലായനിയിൽ വളർത്തുന്നു. ഇവയുടെ എണ്ണം വർധിക്കാൻ സഹായിക്കുന്ന വിധത്തിൽ പ്രത്യേക ജാറുകളിൽ അനുയോജ്യമായ അന്തരീക്ഷത്തിൽ ഇവയെ വളർത്തിയെടുക്കുന്നു. കടലിൽ നിന്ന് ശേഖരിച്ച് വെള്ളത്തിൽ അടങ്ങിയ ഒട്ടനേകം ആൽഗകളിൽ നിന്ന് ഓരോ ഇനത്തെയും പ്രത്യേകം പ്രത്യേകം വേർതിരിച്ചെടുത്ത് വളർത്തിയെടുത്ത ഈ ലായനി ലിറ്ററിന് 3600 രൂപ നിരക്കിലാണ് സി.എം.എഫ്.ആർ.ഐ. വിൽപന നടത്തുന്നത്. സി.എം.എഫ്.ആർ.ഐ. ഇത്തരത്തിൽ വേർതിരിച്ച് വളർത്തിയെടുത്ത സൂക്ഷമ ആൽഗകൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നുണ്ട്. മത്സ്യ-ചെമ്മീൻ ഹാച്ചറികൾ, മരുന്ന് നിർമാണ കമ്പനികൾ, മറ്റ് ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിച്ചുവരുന്നു. കൊച്ചിക്ക് പുറമെ, ഗുജറാത്തിലെ വെരാവൽ, മുംബൈ, വിശാഖപട്ടണം, കർണാടകയിലെ കാർവാർ, തൂത്തുകടി, മണ്ഡപം, ചെന്നൈ, മംഗലാപുരം, കോഴിക്കോട്, വിഴിഞ്ഞം എന്നിവിടങ്ങളിലുള്ള സി.എം.എഫ്.ആർ.ഐ.യുടെ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും മൈക്രോ ആൽഗകൾ വിൽപനക്കായി ലഭിക്കും. സിഎംഎഫ്ആർഐയുടെ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി ഒരു വർഷത്തിൽ ഏകദേശം 20 ലക്ഷത്തോളം രൂപയുടെ ആൽഗകളുടെ വിൽപനയുണ്ട്.

സി.എം.എഫ്.ആർ.ഐ.യിലെ മാരികൾച്ചർ ഗവേഷണ വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഷോജി ജോസഫിന്റെ നേതൃത്വത്തിലാണ് ഈ ഗവേഷണപ്രവർത്തനങ്ങൾ നടന്നുവരുന്നത്. യാതൊരുവിധ കേടുപാടുകളും സംഭവിക്കാതിരിക്കാൻ അതീവ സുരക്ഷിതമായ സാഹചര്യത്തിലാണ് സി.എം.എഫ്.ആർ.ഐ യിലെ ആൽഗ ഗവേഷണ പരീക്ഷണശാല പ്രവർത്തിക്കുന്നതെന്ന് ഡോ ഷോജി പറഞ്ഞു. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ പലപ്പോഴും സൂക്ഷ്മ ആൽഗകളിൽ മറ്റ് തരത്തിലുള്ള പദാർത്ഥങ്ങളുടെ സാന്നിധ്യം കാണാറുണ്ട്. ഇതിൽ പ്രധാനമായും വായുവിലൂടെ വരെ സംഭവിക്കാവുന്ന സൂക്ഷമജീവികളായ സീലിയേറ്റ്‌സിന്റെ സാന്നിധ്യമാണ്. ഹാച്ചറി പോലുള്ള സംരംഭങ്ങളിൽ ഇവ തികച്ചും അപകടകാരികളാണ്. അതിനാൽ അതീവ സൂക്ഷ്്മതയോടെയാണ് ആൽഗകളെ വേർതിരിക്കുന്നതും വളർത്തുന്നതും- അവർ പറഞ്ഞു.

കടലിന് നിറം നൽകുന്ന ആൽഗകൾ

വ്യത്യസ്ത നിറങ്ങളാണ് വിവിധ ആൽഗകൾക്കുള്ളത്. മഴവില്ലിൽ അടങ്ങിയ വയലറ്റ് മുതൽ ചുവപ്പ് വരെ (വിബ്ജിയോർ) നിറങ്ങളിലാണ് ആൽഗകൾ കാണപ്പെടുന്നത്. ഇവയിൽ നല്ലതും അപകടകാരികളുമായ ആൽഗകളുണ്ട്. മഞ്ഞ കലർന്ന പച്ച നിറത്തിൽ കാണപ്പെടുന്ന മിക്ക ആൽഗകളും ഗുണകരമായ ആൽഗകളായാണ് പൊതുവെ കണക്കാക്കുന്നത്. അപകടത്തെ സൂചിപ്പിക്കുന്നത് പോലെ, ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പല ആൽഗകളും ജലജീവികൾക്ക് ഹാനികരമാണ്. ഇത്തരം ആൽഗകൾ കൂട്ടമായി പെരുകുമ്പോഴാണ് കടൽജലത്തിന് ചില പ്രത്യേക സ്ഥലങ്ങളിൽ നിറവ്യത്യാസം വരുന്നത്. ചിലയിടങ്ങളിൽ പാൽവെള്ളം ആകുന്നതും, ചുവപ്പ്, പച്ച, മഞ്ഞ, നീല തുടങ്ങിയ നിറങ്ങളിൽ കടൽ വെള്ളം രൂപപ്പെടുന്നതിനുള്ള കാരണം പ്രധാനമായും ഈ പ്രത്യേകതകളാണ്. ആൽഗകളെ വേർതിരിച്ച് വളർത്തിയെടുക്കുന്ന സി.എം.എഫ്.ആർ.ഐ.യുടെ പരീക്ഷണ ശാലയിൽ ഓരോ ആൽഗകളുടെ വൈവിധ്യമായ നിറവ്യത്യാസം പ്രകടമാണ്. കൊക്കോലിത്തോഫോർ എന്ന ആൽഗ പാൽവെള്ള നിറം കാണിക്കുമ്പോൾ, അപകടകാരികളായ ഡൈനോഫ്‌ളജല്ലൈറ്റുകളുടെ നിറം ചുവപ്പാണ്. ചുവപ്പ് നിറം കൂടുതലായി കാണപ്പെടുന്ന കടൽ പ്രദേശങ്ങളെ റെഡ് ടൈഡ് പ്രതിഭാസമെന്നാണ് വിളിക്കുന്നത്. ഇത്തരം സ്ഥലങ്ങളിലെ മത്സ്യങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമാണെന്നതിനാൽ ഇവിടെ മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവെയ്ക്കാറുണ്ട്.

ആൽഗകളെ തിരിച്ചറിയാൻ ഉപഗ്രഹ സാങ്കേതികവിദ്യയും

കടലിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഗുണകരവും ദേഷകരവുമായ ആൽഗകളെ തിരിച്ചറിയുന്നതിന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ സി.എം.എഫ്.ആർ.ഐ. തുടങ്ങിക്കഴിഞ്ഞതായി ഡയറക്ടർ ഡോ എ ഗോപാലാകൃഷ്ണൻ പറഞ്ഞു. കടൽജീവികൾക്ക് ഗുണകരമായ ആൽഗകൾ കൂടുതൽ കാണപ്പെടുന്ന സ്ഥലങ്ങളിൽ മീൻലഭ്യത കൂടും. ദോഷകരമായ ആൽഗകൾ മീനുകളെ പ്രതികൂലമായി ബാധിക്കും. ആൽഗകളിലെ നിറവ്യത്യാസമാണ് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ആൽഗകളിൽ നിന്ന് ഉപഗ്രഹ സെൻസറുകളിൽ പതിയുന്ന ‘സ്‌പെക്ട്രൽ സിഗ്നേച്ചർ’  ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഇവയെ തിരിച്ചറിയുന്നത്. സി.എം.എഫ്.ആർ.ഐ.യുടെ സമുദ്രജലകൃഷിയുമായി ബന്ധപ്പെട്ട് സ്ഥിരമായി ഗുണകരമായ ആൽഗകൾ കടലിൽ ധാരാളം കാണപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ആഗോളതലത്തിൽ ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ആൽഗകളുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന യു.കെ. ശാത്രജ്ഞൻ പ്രൊഫ. ട്രെവർ പ്ലാറ്റ് ഈ മേഖലയിൽ സി.എം.എഫ്.ആർ.ഐ.യുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. – ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. മീൻകുഞ്ഞുങ്ങളുടെ ഭക്ഷണമായി ഉപയോഗിക്കുന്നതിന് പുറമെ, മനുഷ്യർക്ക് കഴിക്കാവുന്ന പോഷക ഭക്ഷ്യപദാർത്ഥങ്ങൾ, ബയോഡീസൽ, ഔഷധ ഉൽപ്പന്നങ്ങൾ എന്നിവയിലും സൂക്ഷ്മ ആൽഗകൾ ഉപയോഗിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ കാർബൺ വാതകങ്ങൾ കുറയ്ക്കുന്നതിനും ആൽഗകളെ ഉപയോഗിക്കാമെന്ന് ശാസ്ത്രസമൂഹം കണ്ടെത്തിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

മത്തിക്ക് ഇഷ്ടം ഫ്രാജിലേറിയ

ഡയാറ്റം എന്ന വിഭാഗത്തിൽ പെടുന്ന ‘ഫ്രാജിലേറിയ ഓഷ്യാനിക്ക’ എന്ന ആൽഗയാണ് ജനകീയ മത്സ്യമായ മത്തിയുടെ ഇഷ്ട ആഹാരം. ഈ ആൽഗകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ മത്തിയുടെ ലഭ്യത കൂടും. കാലവർഷ മഴയിൽ കരയിൽ നിന്ന് ഒലിച്ചുപോകുന്ന ‘സിലിക്ക’ എന്ന ലവണമാണ് ഈ ആൽഗകൾ അവയുടെ പുറംതോട് നിർമ്മിക്കാനായി ഉപയോഗിക്കുന്നത്. കൂടാതെ, ചാകര സമയത്ത് കാണപ്പെടുന്ന അപ്‌വെല്ലിംഗ് എന്ന പ്രതിഭാസവും (കടലിന്റെ താഴെ തട്ടിലുള്ള വളക്കൂറുള്ള ജലം മുകളിലേക്ക് വരുന്നു) ഇത്തരം ആൽഗകൾ പെരുകാൻ വഴിയൊരുക്കുന്നു. തത്ഫലമായി മത്തിയുടെ ലഭ്യത വർധിക്കും. ചെമ്മീൻ ഹാച്ചറികളിൽ അവയുടെ ലാർവകളുടെ ഭക്ഷണായി ഉപയോഗിക്കുന്നത് ‘കീറ്റോസിറോസ്’, ‘ഐസോക്രൈസിസ്’ എന്നീ ആൽഗകകളാണ്.

ശൂന്യാകാശത്തിലേക്ക് ക്ലോറല്ല

ശൂന്യാകാശ യാത്രയ്ക്ക്് നാസ ഉപയോഗിച്ചത് ക്ലോറല്ല എന്ന ആൽഗയാണ്. ഓക്‌സിജൻ പുറത്തുവിടാൻ ശേഷിയുള്ളതായത് കൊണ്ടാണ് ഈ ആൽഗകളെ ശാസ്ത്രജ്ഞർ ശൂന്യാകാശ യാത്രയക്ക് ഉപയോഗിച്ചത്. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഈ ആൽഗകൾ വളരും. രണ്ടു ജലത്തിലുമുള്ള ക്ലോറല്ല ആൽഗകൾ സി.എം.എഫ്.ആർ.ഐ.യുടെ കൊച്ചിയിലെ പരീക്ഷണ ശാലയിൽ ലഭ്യമാണ്. കടലിലുള്ളതു പോലെ ശുദ്ധജലത്തിലും ആൽഗകൾ ധാരാളമായി വസിക്കുന്നുണ്ട്. നല്ല വളവും സൂര്യപ്രകാശവും ലഭിക്കുന്ന കുളങ്ങളിൽ ആൽഗകൾ ധാരാളമായുള്ളത് കൊണ്ടാണ് നിറവ്യത്യാസങ്ങൾ വരുന്നത്.

ആൽഗകളെ വേർതിരിച്ചറിയാൻ വിവിധ മാർഗ്ഗങ്ങൾ 

സി.എം.എഫ്.ആർ.ഐ.യുടെ തമിഴ്‌നാട്ടിലുള്ള മണ്ഡപം ഗവേഷണ കേന്ദ്രത്തിൽ ആൽഗകളുമായി ബന്ധപ്പെട്ട ബയോടോക്‌സിൻ പഠനങ്ങൾ, നിറങ്ങളിൽ നിന്ന് ആൽഗകളെ വേർതിരിച്ചറിയാനുള്ള പഠനങ്ങൾ പ്രത്യേകിച്ച് കൂട്മത്സ്യ കൃഷിയിലുള്ള മത്സ്യങ്ങളെ ധാരാളമായി ബാധിക്കുന്ന ട്രൈക്കോഡെസ്മിയം എന്ന വിഭാഗത്തിൽ പെട്ട ദോഷകരമായ ആൽഗകളെ തിരിച്ചറിയുന്നതിനുള്ള ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്. ആൽഗകളെ വേർതിരിക്കാൻ പലതരത്തിലുള്ള നൂതനമായ ബയോടെക്‌നോളജി ഉപയോഗിച്ചുള്ള പഠനങ്ങൾ സി.എം.എഫ.ആർ.ഐയുടെ കൊച്ചി കേന്ദ്രത്തിൽ നടന്നുവരുന്നുണ്ട്.

Latest News