Sorry, you need to enable JavaScript to visit this website.

താരങ്ങളെ മരുന്നടിവീരന്‍മാരെന്നു വിളിച്ച ചാനലുകള്‍ക്കെതിരെ ബോളിവുഡ് നിര്‍മാതാക്കള്‍ കോടതിയില്‍

ന്യൂദല്‍ഹി- ബോളിവുഡ് താരങ്ങളും സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവരും മരുന്നടിക്കുന്നവരും ക്രിമിനലുകളും ദുഷ്ടരുമാണെന്ന് വിളിച്ചു പറയുന്ന ടൈംസ് നൗ, റിപബ്ലിക് ടിവി എന്നീ വാര്‍ത്താ ചാനലുകള്‍ക്കെതിരെ 34 നിര്‍മാതാക്കളും നാലു സിനിമാ സംഘടനകളും ദല്‍ഹി ഹൈക്കോടതില്‍ ഹര്‍ജി നല്‍കി. നടന്‍ സുശാന്ത് സിങ് രജപുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണ നടത്തുന്ന ഈ ചാനലുകള്‍ നടപടി ആവശ്യപ്പെട്ടാണ് ബോളിവുഡിലെ പ്രമുഖര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബോളിവൂഡ് താരങ്ങള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ നിരുത്തരവാദപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഈ ചാനലുകളിലെ എഡിറ്റര്‍മാരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കണമെന്നാണ് ആവശ്യം. ഈ മാധ്യമ പ്രവര്‍ത്തകരുടെ പരാമര്‍ശങ്ങള്‍ പബ്ലിഷ് ചെയ്യുന്നത് തടയാന്‍ വിവിധ സമൂഹ മാധ്യമങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ സ്വകാര്യത മാനിക്കണമെന്നും ഇവരുടെ വ്യക്തിജീവിതത്തില്‍ ഇടപെടുന്നത് മാധ്യമ വിചാരണയിലേക്കാണ് നയിക്കുന്നതെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

ബോളിവുഡ് താരങ്ങള്‍ക്കിടയിലെ മയക്കു മരുന്ന് ദുരുപയോഗം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ ചാനലുകള്‍ ബോളിവൂഡ് വ്യക്തിത്വങ്ങളെ മാലിന്യങ്ങളെന്നും, ദുഷ്ടര്‍, മരുന്നടിക്കുന്നവര്‍, രാജ്യത്തെ ഏറ്റവും വൃത്തിക്കെട്ട വ്യവസായം, കൊക്കെയ്‌നിലും എല്‍എസ്ഡിയിലും മുങ്ങിയ ബോളിവുഡ് തുടങ്ങി പരാമര്‍ശങ്ങളാണ് സ്ഥിരമായി നടത്തിയിരുന്നത്.
 

Latest News