ഉംറ: ഹോട്ടലുകളിൽ ഓപൺ ബഫെകൾക്ക് വിലക്ക്

മക്ക - ഉംറ തീർഥാടകർക്കും മദീന സിയാറത്ത് നടത്തുന്നവർക്കും താമസ സൗകര്യങ്ങൾ നൽകുന്ന മക്കയിലെയും മദീനയിലെയും ഹോട്ടലുകളിലും പാർപ്പിട യൂനിറ്റുകളിലും ഓപൺ ബഫെകൾക്ക് വിലക്കുള്ളതായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്കും സന്ദർശകർക്കും ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഓപൺ ബഫെ രീതി പിന്തുടരരുത്. റെസ്റ്റോറന്റുകളിൽ കൊറോണ വ്യാപനം തടയുന്ന പ്രോട്ടോകോളുകൾ പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.


കൊറോണ വൈറസ് വ്യാപനം തടയുന്ന ആരോഗ്യ പ്രതിരോധ വ്യവസ്ഥകളും മാനദണ്ഡങ്ങളും ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും കർശനമായി പാലിക്കണം. ഒരേ ഗ്രൂപ്പിൽ പെട്ട മുഴുവൻ തീർഥാടകർക്കും ഒരു താമസ സ്ഥലമോ ഒരു നിലയോ പ്രത്യേകം നീക്കിവെക്കണം. ഹോം ഐസൊലേഷൻ വ്യവസ്ഥകൾക്കനുസൃതമായി ഹോട്ടലുകളിലും പാർപ്പിട യൂനിറ്റുകളിലും ഐസൊലേഷൻ റൂമുകൾ ഒരുക്കുകയും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നതിന് ഓരോ താമസ സ്ഥലത്തും ഹോട്ട്‌ലൈൻ സൗകര്യം ഏർപ്പെടുത്തുകയും വേണം. 
തീർഥാടകരുടെയും സന്ദർശകരുടെയും താമസത്തിനുള്ള ഹോട്ടലുകളുടെയും പാർപ്പിട യൂനിറ്റുകളുടെയും ശേഷി പകുതിയായി കുറക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു മുറിയിൽ താമസൗകര്യം നൽകുന്ന ആളുകളുടെ എണ്ണം രണ്ടിൽ കവിയാൻ പാടില്ല. കട്ടിലുകൾക്കിടയിൽ ഒന്നര മീറ്ററിൽ കുറയാത്ത അകലം പാലിച്ച് മുറികളിൽ സാമൂഹിക അകലം നടപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. 


ഹറമിൽ നമസ്‌കാരത്തിനും ഉംറ കർമം നിർവഹിക്കാനും സന്ദർശകരെയും തീർഥാടകരെയും പുറത്തേക്ക് വിടുമ്പോൾ 'ഇഅ്തമർനാ' ആപ് ഹോട്ടൽ, പാർപ്പിട അധികൃതർ പാലിക്കുകയും ആപ്പിലെ വിവരങ്ങൾക്കനുസരിച്ച് തീർഥാടകരുടെ ഹറം യാത്രക്ക് സമയക്രമം നിശ്ചയിക്കുകയും വേണം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടവരെ ഐസൊലേഷൻ കാലം അവസാനിക്കുന്നതിനു മുമ്പായി താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങാൻ അനുവദിക്കരുത്. തീർഥാടകരുടെ പുറത്തിറക്കം ക്രമീകരിക്കുന്നതിന് ഓരോ ഹോട്ടലിലും സെക്യൂരിറ്റി ജീവനക്കാരെയും സൂപ്പർവൈസർമാരെയും നിയോഗിക്കണമെന്നും നിർദേശമുണ്ട്. ഐസൊലേഷൻ കാലത്ത് തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ എല്ലാ വസ്തുക്കളും ലഭ്യമാക്കുകയും വേണം. ടൂറിസം കമ്പനികളും ഓഫീസുകളും 'ഇഅ്തമർനാ' ആപ് പാലിക്കണമെന്നും ഹോട്ടലുകളിലും ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളിലും പ്രോട്ടോകോളുകൾക്കനുസരിച്ച വ്യവസ്ഥകൾ നടപ്പാക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിർദേശിച്ചു. 

 

Latest News