ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ ബുള്ളിഷ് ട്രെന്റിൽ കുതിച്ചത് നിക്ഷേപകരെ ഒരിക്കൽ കൂടി ആവേശ കൊടുമുടിയിലേയ്ക്ക് ഉയർത്തി. ബോംബെ സെൻസെക്‌സും നിഫ്റ്റിയും നാല് ശതമാനം പ്രതിവാര നേട്ടത്തിലാണ്. സൂചികകൾ വീണ്ടും നാല് ശതാമാനം ഉയർന്നാൽ റെക്കോർഡ് പുതുക്കാനുള്ള കരുത്ത് വിപണിക്ക് കണ്ടെത്താനാവും. രാജ്യം നവരാത്രി ഉത്സവാഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. ഇതിനിടയിൽ വിദേശ നിക്ഷേപം തുടർന്നാൽ ഒക്ടോബർ രണ്ടാം പകുതിയിൽ ഓഹരി ഇൻഡക്‌സുകൾ ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. റിസർവ് ബാങ്ക് ധനനയ അവലോകനത്തിൽ സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി നടത്തിയ നീക്കങ്ങൾ ഓഹരി വിപണിക്ക് ഊർജം പകർന്നു. പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ലെങ്കിലും ഭവനവായ്പാ നിരക്കുകളിൽ വരുത്തിയ ഭേദഗതികൾ ബാങ്കിങ്, റിയൽ എസ്റ്റേറ്റ് ഹൗസിങ് മേഖലകൾക്ക് ഊർജം പകരും. പണ ലഭ്യത വർധിപ്പിക്കുമെന്ന ആർ ബി ഐ ഗവർണറുടെ വെളിപ്പെടുത്തൽ ഓഹരി വിപണിക്ക് അനുകൂലമാണ്. ഒരു ലക്ഷം കോടി രൂപയുടെ റിപ്പോ ഓപറേഷൻസ് വഴി ബാങ്കുകൾക്ക് അധികമായി ധനസഹായം ലഭ്യമാവും.
കഴിഞ്ഞ പത്ത് പ്രവൃത്തി ദിനങ്ങൾ ഒമ്പതിലും നേട്ടം സ്വന്തമാക്കിയ നിഫ്റ്റി 1000 പോയന്റും സെൻസെക്‌സ് 3000 പോയന്റും കുതിച്ചു. പിന്നിട്ടവാരം നിഫ്റ്റി 497 പോയന്റും സെൻസെക്‌സ് 1812 പോയന്റും പ്രതിവാര നേട്ടത്തിലാണ്. നിഫ്റ്റി സൂചിക 12,000 പോയന്റിലെ നിർണായക പ്രതിരോധം തകർക്കാനുള്ള തയാറെടുപ്പിലാണ്. 11,417 ൽ നിന്ന് വാരാവസാനം സൂചിക 11,938 വരെ കയറിയ ശേഷം 11,914 ൽ ക്ലോസിങ് നടന്നു. ഈവാരം തടസ്സം 12,084-12,254 പോയന്റിലാണ്. ഈ പ്രതിരോധം തകർത്താൽ സൂചിക ലക്ഷ്യമിടുക റെക്കോർഡായ 12,430 നെയാണ്. അതേ സമയം ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് നീക്കം നടത്തിയാൽ 1,15,98,11,282 പോയന്റും സപ്പോർട്ടുണ്ട്. നിഫ്റ്റി അതിന്റെ 21, 50, 100 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ സഞ്ചരിക്കുന്നത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തി. നിഫ്റ്റിയുടെ സാങ്കേതിക വശങ്ങൾ പലതും ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ ഏത് നിമിഷവും ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങാം. അതേ സമയം മുകളിൽ സൂചിപ്പിച്ച ആദ്യ സപ്പോർട്ട് നിലനിന്നാൽ ഓരോ തിരുത്തലും നിക്ഷേപത്തിനുള്ള അവസരമാക്കി മാറ്റാം.
ബോംബെ സെൻസെക്‌സ് 38,697 ൽനിന്ന് മികവോടെയാണ് ട്രേഡിങ് ആരംഭിച്ചത്. ഒരു വേള 40,000 പോയന്റിലെ നിർണായക പ്രതിരോധം തകർത്ത് 40,585 വരെ ഉയർന്നു. മാർക്കറ്റ് ക്ലോസിങിൽ സൂചിക 40,509 ലാണ്. വിപണി ഉറ്റുനോക്കുന്നത് 41,123 നെയാണ്. ഈ തടസ്സം മറികടന്നാൽ 41,737 ലേയ്ക്കും തുടർന്ന് സർവകാല റെക്കോർഡായ 42,273 വരെ സഞ്ചരിക്കാം. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പ് നടന്നാൽ 39,357 പോയന്റിൽ താങ്ങുണ്ട്. മുൻ നിരയിൽ തിളങ്ങുന്ന പത്തിൽ ഒൻപത് കമ്പനികളുടെ വിപണി മൂല്യത്തിൽ പിന്നിട്ടവാരം മൂന്ന് ലക്ഷം കോടി രൂപയുടെ വർധന. ആർ ഐ എൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച് യു എൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവ നേട്ടം കൈവരിച്ചപ്പോൾ ഭാരതി എയർടെലിന് തിരിച്ചടി നേരിട്ടു.
വിദേശ ഫണ്ടുകൾ ഒക്ടോബറിൽ 5510 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേ സമയം ആഭ്യന്തര ഫണ്ടുകൾ ഈ കാലയളവിൽ 2200 കോടി രൂപയുടെ വിൽപന നടത്തി. തുടർച്ചയായ രണ്ടാം മാസമാണ് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിൽപനയിൽ തുടരുന്നത്. മുൻനിര ഓഹരികളിലെ നിക്ഷേപ താൽപര്യത്തിൽ റ്റി സി എസ്, ഇൻഫോസീസ്, എച്ച് സി എൽ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, എം ആന്റ് എം, ബാജ് ഓട്ടോ, ആർ ഐ എൽ, സൺ ഫാർമ, ടാറ്റാ സ്റ്റീൽ തുടങ്ങിയവയുടെ നിരക്ക് വർധിച്ചു. ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മുല്യം 73.34 ൽ നിന്ന് 73.03 ലേയ്ക്ക് ശക്തി പ്രാപിച്ചു.