കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി നിലനിൽപിനായി പുതിയ തന്ത്രം ആവിഷ്‌കരിക്കുന്നു. ബസുകളെ താമസ സൗകര്യത്തിനായുള്ള മുറികളാക്കി മാറ്റിയാണ് പരീക്ഷണം. വിനോദ സഞ്ചാര മേഖലകളിൽ 'മിതമായ നിരക്കിൽ ബസിൽ താമസ സൗകര്യം' എന്ന ആശയമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്.
കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകരന്റേതാണ് പുതിയ ആശയം. പദ്ധതി യാഥാർത്ഥ്യമായാൽ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസിക്കാനുള്ള സൗകര്യമാകും. പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം മൂന്നാറിൽ ആണ് സജ്ജമാകുന്നത്. ഒരേസമയം 16 പേർക്ക് താമസിക്കാൻ കഴിയുന്ന എ.സി ബസുകളാണ് ഇതിനായി ഒരുക്കുന്നത്. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ആണ് ബസിനുള്ളിൽ താമസ സൗകര്യം ഒരുക്കുന്നത്. ബസ് പാർക്ക് ചെയ്യുന്ന ഡിപ്പോയിലെ ശുചിമുറികൾ താമസിക്കുന്നവർക്ക് ഉപയോഗിക്കാം. ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകൾ കച്ചവട സ്ഥാപനങ്ങൾ ആക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.






