ഉത്തര്‍പ്രദേശില്‍ കോളേജ് ക്യാമ്പസിനകത്ത് 17കാരിയെ ബലാത്സംഗം ചെയ്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 17കാരിയെ കോളജ് ക്യാമ്പസിനകത്ത് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത് പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥിയായ യുവാവാണ്. ഞായറാഴ്ച്ച ക്യാമ്പസ്സില്‍ സിവില്‍ സര്‍വീസ് പരീക്ഷ നടന്നുകൊണ്ടിരിക്കെ ആണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കൈയിലുള്ള പണം അപഹരിച്ചെന്നും ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനി പറഞ്ഞു.സുഹൃത്തായ ആണ്‍കുട്ടിയെ കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്യാമ്പസ് ഹോസ്റ്റലിനകത്തേക്ക് വലിച്ചു കൊണ്ട് പോകുകയും ഒരാള്‍ ബലാത്സംഗം ചെയ്യുകയും കൂടെയുള്ളവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു . കൂടാതെ പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
ക്യാമ്പസിലുണ്ടായിരുന്ന പോലീസുകാര്‍ കരച്ചില്‍ കേട്ട് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഝാന്‍സി സീനിയര്‍ പോലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടത് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണെന്ന് പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ നവീന്‍ കുമാര്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താനെന്നും ഈ സമയം ഹോസ്റ്റലില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.
 

Latest News