ലിബിയയില്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂദല്‍ഹി- ലിബിയയില്‍ കഴിഞ്ഞ മാസം ബന്ദികളാക്കിയ ഏഴ് ഇന്ത്യക്കാരെ വിട്ടയച്ചു.

തുനീഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. ലിബിയയില്‍ ഇന്ത്യന്‍ എംബസിയില്ലാത്തതിനാല്‍ തുനീഷ്യയിലുള്ള എംബസിയാണ് ലിബയയിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നത്.

ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ട്രിപ്പോളി എയര്‍പോര്‍ട്ടിലേക്ക് വരുമ്പോള്‍ ഏഴ് പേരെ തട്ടിക്കൊണ്ടു പോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരെയാണ് സെപ്റ്റംബര്‍ 14ന് തട്ടിക്കൊണ്ടുപോയിരുന്നത്.

നിര്‍മാണ, എണ്ണക്കമ്പനി മേഖലകളിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവരെ വിട്ടയച്ച കാര്യം തുനീഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പുനീത് റോയ് കുണ്ടാല്‍ സ്ഥിരീകരിച്ചു.

2011 ല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം ലിബിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ്.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ലിബിയയിലേക്ക് പോകരുതെന്ന് 2015 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. 2016 മേയില്‍ സമ്പൂര്‍ണ യാത്രാ നിരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

 

Latest News