Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അൽഅമീൻ പത്രം വീണ്ടുമെത്തുന്നു; ഓൺലൈൻ രൂപത്തിൽ

ലോഗോ പ്രകാശനം ഇന്ന് 
മലപ്പുറം- സ്വാതന്ത്ര്യസമര കാലത്ത് മലബാറിൽ ദേശീയതയുടെ പ്രധാന പ്രചാരണ മാധ്യമമായിരുന്ന അൽ അമീൻ പത്രം പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടുമെത്തുന്നു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുഹമ്മദ് അബ്്ദുറഹിമാൻ സാഹിബ് ആരംഭിച്ച പത്രത്തിന്റെ ഓൺലൈൻ രൂപമാണ് തുടങ്ങുന്നത്. മലബാറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാനമായ ഏടായിരുന്നു അൽ അമീൻ. 
1921 ലെ മലബാർ കലാപ കാലത്തെ ബ്രിട്ടീഷ് ക്രൂരതകളോടുള്ള ചെറുത്തു നിൽപ്പായാണ് 1924 ഒക്ടോബർ 12 ന് മുഹമ്മദ് അബ്്ദുറഹിമാന്റെ നേതൃത്വത്തിൽ അൽ അമീൻ ആരംഭിച്ചത്. ബ്രിട്ടീഷ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതിയതിന്റെ പേരിൽ അദ്ദേഹത്തെ രണ്ട് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ജയിൽ വാസത്തിനിടെയാണ് സ്വന്തമായി പത്രം തുടങ്ങണമെന്ന ആശയമുദിച്ചത്. 1923 ഓഗസ്റ്റ് 11 ന് ജയിൽമോചിതനായ അദ്ദേഹം അൽ അമീൻ (വിശ്വസ്തൻ) എന്ന പേരിൽ 1923 ഡിസംബറിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി രജിസ്റ്റർ ചെയ്തു. 1924 ഒക്ടോബർ 12ന് അൽ അമീൻ പത്രം ജനങ്ങളിലെത്തി. ബ്രിട്ടീഷ് സർക്കാരിന്റെ ആന്റമാൻ സ്‌കീം, മാപ്പിള ഔട്‌റേജസ് ആക്ട് എന്നിവക്കെതിരെ ശക്തമായ വിമർശനങ്ങൾ പത്രത്തിൽ എഴുതി. മലബാറിൽ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അൽ അമീൻ മുഖ്യ പങ്കു വഹിച്ചു.
'അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെ ഉറ്റ ബന്ധുക്കൾക്കോ, മാതാപിതാക്കൾക്കോ, നിങ്ങൾക്കു തന്നെയുമോ ദോഷകരമായിരുന്നാൽ കൂടിയും നീതി പരിപാലിച്ചു നിങ്ങൾ ദൈവത്തിനു സാക്ഷ്യം വഹിക്കുന്നവരായിരിപ്പിൻ' എന്ന ഖുർആൻ വചനം പത്രത്തിന്റെ മുഖവാചകമായി ചേർത്തിരുന്നു.
സൈമൺ കമ്മീഷനെതിരെയും ഉപ്പു സത്യാഗ്രഹ സമര കാലത്തും അൽ അമീൻ നടത്തിയ ഇടപെടലുകളെ തുടർന്ന് നിരവധി തവണ ബ്രിട്ടീഷ് സർക്കാർ പത്രം നിരോധിച്ചു. സാമ്പത്തിക പ്രതിസന്ധികളും സർക്കാറിന്റെ ദ്രോഹ നടപടികളും പത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചു. 1939 സെപ്റ്റംബർ 29ന് പ്രസിദ്ധീകരണം നിർത്തേണ്ടിവന്നു. 1940 ജൂലൈയിൽ രാജ്യസുരക്ഷാ നിയമ പ്രകാരം മുഹമ്മദ് അബ്ദുറഹിമാൻ അറസ്റ്റിലായി. 1945 സെപ്റ്റംബർ നാലിന് ജയിൽമോചിതനായ അദ്ദേഹം വീണ്ടും പത്രം തുടങ്ങുന്നതിന് ശ്രമം ആരംഭിച്ചെങ്കിലും 1945 നവംബർ 23ന് അദ്ദേഹം മരിച്ചു. ഉറ്റസുഹൃത്തായിരുന്ന മൊയ്തു മൗലവി അൽ അമീനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ടു പോകാനായില്ല. 1946 ലും 1960 കളിലും അൽ അമീൻ വീണ്ടും തുടങ്ങിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 1995 ജൂൺ എട്ടിന് മൊയ്തു മൗലവി മരിച്ചതോടെ അദ്ദേഹത്തിന്റെ മക്കളായ വി.സുബൈറും എം.റഷീദും അൽ അമീനു വേണ്ടി വീണ്ടും മുന്നിട്ടിറങ്ങി. മലപ്പുറത്തു നിന്നും സായാഹ്ന പത്രമായും നീണ്ട ഇടവേളക്ക് ശേഷം മാസികയായും അൽ അമീൻ പുറത്തിറങ്ങിയെങ്കിലും പിന്നീട് പ്രസിദ്ധീകരണം നിർത്തി. നിലവിൽ കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദിന്റെ പേരിലാണ് പത്രത്തിന്റെ രജിസ്ട്രേഷൻ. എഴുത്തുകാരനും അധ്യാപകനുമായ കോഡൂർ അബ്ദുൽ ബായിസ് എഡിറ്ററും ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ മാനേജിംഗ് ഡയകടറുമായാണ് ഓൺലൈൻ എഡിഷൻ ആരംഭിക്കുന്നത്. ലോഗോ പ്രകാശനം ഇന്ന് മലപ്പുറം പ്രസ്‌ക്ലബിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ട്രസ്റ്റ് ചെയർമാൻ സി.ഹരിദാസും ചേർന്ന് നിർവഹിക്കും.
 

Latest News