എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു

കോഴിക്കോട് -യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളുടെ പേരില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തു. പാറളം പഞ്ചായത്തിലെ വിദ്യാര്‍ഥികളുടെ പേരിലാണ് കേസ്.ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീതപരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചത്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ പോയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു.എങ്കിലും അഞ്ച് ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ചേര്‍പ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബു ആണ് കേസന്വേഷിക്കുന്നത്.


 

Latest News