Sorry, you need to enable JavaScript to visit this website.

കാര്‍ഷിക നിയമത്തിനെതിരെ ട്വീറ്റ്; കങ്കണയ്‌ക്കെതിരെ  കേസെടുക്കാന്‍ കോടതി ഉത്തരവ്

തുമകുരു, കര്‍ണാടക- കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തിയവരെ അധിക്ഷേപിച്ച നടി കങ്കണ റണൗട്ടിനെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതിയുടെ ഉത്തരവ്. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അഭിഭാഷകനായ എല്‍. രമേഷ് നായിക് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ക്യാതസാന്ദ്ര പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെകര്‍ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കെ സെപ്റ്റംബര്‍ 21ന് കങ്കണ ചെയ്ത ട്വീറ്റാണ് വിവാദമായത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കലാപത്തിന് കാരണക്കാരായവരാണ് കാര്‍ഷിക ബില്ലിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. സമരം ചെയ്യുന്നവരെ കങ്കണ, തീവ്രവാദികളെന്ന് മുദ്രകുത്തുകയും ചെയ്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കങ്കണ ട്വീറ്റ് പിന്‍വലിച്ചിരുന്നു
 

Latest News