Sorry, you need to enable JavaScript to visit this website.

35 ദിവസത്തിനിടെ 10 മിസൈല്‍ പരീക്ഷണങ്ങള്‍; ആവനാഴിയില്‍ ആയുധം നിറച്ച് ഇന്ത്യ

ന്യൂദല്‍ഹി- ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തന്നെ തുടരുമ്പോള്‍ ഇന്ത്യയുടെ ആവനാഴിയില്‍ പുതിയ ആയുധങ്ങള്‍ നിറയുന്നു. ഒരു മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് കരുത്തുറ്റ പുതിയ അത്യാധുനിക മിസൈലുകള്‍ ഇന്ത്യ പരീക്ഷിക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈല്‍ അടുത്തയാഴ്ച ആദ്യമായി വിക്ഷേപിക്കുന്നതോടെ 35 ദിവസത്തിനിടെ ഇന്ത്യ നടത്തുന്ന പത്താം മിസൈല്‍ പരീക്ഷണമാകും ഇത്.  പ്രതിരോധ ആയുധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങളുടെ വികസനം ത്വരിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നാലു ദിവസം കൂടുമ്പോള്‍ ഒരു മിസൈല്‍ എന്ന തോതിലാണ് ഡിആര്‍ഡിഒ പരീക്ഷണങ്ങള്‍ നടത്തി വന്നത്. ലഡാക്കിലെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയ ചൈനീസ് സേന അതിര്‍ത്തി നിയന്ത്രണ രേഖയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് അറിയിച്ചതോടെയാണ് ഇന്ത്യ ആയുധപ്പുര സജ്ജമാക്കിത്തുടങ്ങിയത്. ചൈനയ്ക്ക് ശക്തമായ ഒരു സന്ദേശം നല്‍കാനാണ് തുടര്‍ച്ചയായ ഈ മിസൈല്‍ പരീക്ഷണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

ഇവയില്‍ ആറ് മിസൈലുകള്‍ ഉഗ്രശേഷിയുള്ളവയാണ്. ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ സാങ്കേതിവിദ്യയായ ഹൈപര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്ക്ള്‍ സെപ്തംബര്‍ ഏഴിന് പരീക്ഷിച്ചതോടെയാണ് തുടക്കം. ഇതു വിജയിച്ചതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഈ സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന രാജ്യമായി ഇന്ത്യ. ഈ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ഇന്ത്യ പുതിയ മിസൈലുകള്‍ വികസിപ്പിക്കും. സെപ്തംബര്‍ 22ന് അഭ്യാസ്-ഹൈസ്പീഡ് എക്‌സ്പാന്‍ഡബിള്‍ ഏരിയല്‍ ടാര്‍ഗറ്റും ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലും പരീക്ഷിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന ആയുധമായ പൃഥ്വി 11 മിസൈലിന്റെ രാത്രികാല പരീക്ഷണം സെപ്തംബര്‍ 23ന് നടന്നു.

ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈലെന്ന വിശേഷണമുള്ള ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് സെപ്തംബര്‍ 30ന് പരീക്ഷിച്ചു. 400 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിത്.  ഒക്ടോബര്‍ ഒന്നിന് ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം നടന്നു. സൂപര്‍സോണിക് ശൗര്യ മിസൈല്‍ ഒക്ടോബര്‍ മൂന്നിനും സുപര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ ഒക്ടോബര്‍ അഞ്ചിനു പരീക്ഷിച്ചു. ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച ഒക്ടോബര്‍ ഒമ്പതിന് നടത്തിയ ആന്റി റേഡിയേഷന്‍ മിസൈല്‍ പരീക്ഷണവും വിജയമായിരുന്നു.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ തലപ്പൊക്കിത്തുടങ്ങുമ്പോള്‍ തന്നെ ആയുധ വികസിപ്പിക്കല്‍ പദ്ധതി ത്വരിതപ്പെടുത്താന്‍ ഡിആര്‍ഡഒയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നുവെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഒരു മിസൈല്‍ വിദഗ്ധനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നു. മിസൈല്‍ വികസനം ത്വരിതപ്പെടുത്തിയതോടെ നിര്‍ഭയ് മിസൈലുകള്‍ ലഡാക് അതിര്‍ത്തിയില്‍ പരിമിതമായെങ്കിലും വിന്യസിക്കാന്‍ കഴിഞ്ഞു. അടുത്തതായി വിന്യസിക്കാനിരിക്കുന്നത് ആണവ മിസൈലായ ശൗര്യയാണ്. 200 കിലോ വരെ ഭാരമുള്ള ആയുധങ്ങളുമായി സെക്കന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കാന്‍ ഈ ആണവ മിസൈലിനു ശേഷിയുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഇതു എവിടെ വിന്യസിക്കണമെന്നതു സംബന്ധിച്ച് വൈകാതെ തീരുമാനിക്കും.
 

Latest News