Sorry, you need to enable JavaScript to visit this website.

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പോലീസ് കോടതിയില്‍

തിരുവനന്തപുരം-യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഒളിവിലെന്ന് പോലീസ് ഹൈക്കോടതിയില്‍. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്.
ഇവരുടെ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം.ജാമ്യാപേക്ഷ പരിഗണിച്ച കോടതി മൂവരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ലെന്നും ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു. സമാധാനവും നിയമവും കാത്തുസൂക്ഷേക്കണ്ട ചുമതല കോടതിക്ക് ഉണ്ടെന്നും അതില്‍ നിന്നും പിന്മാറാനാകില്ലെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു.എന്നാല്‍ സ്ത്രീകളാണെന്നുള്ള പരിഗണനയോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
നേരത്തെ ഭാഗ്യലക്ഷ്മിയും സംഘവും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചത്.പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ചാനലിനെതിരെ പോലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.
തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസുകള്‍ ചുമത്തിയിരുന്നു. ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിര ഗുരുതര വകുപ്പുകള്‍ ചുമത്തുകയും വിജയ് പി നായര്‍ക്കെതിരെ ലഘുവായ വകുപ്പുള്‍ ചുമത്തുകയും ചെയ്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.
 

Latest News