ജാതി വിവേചനം: പഞ്ചായത്ത് യോഗത്തില്‍ വനിതാ പ്രസിഡന്റിന്  കസേര നല്‍കാതെ നിലത്തിരുത്തി

കടലൂര്‍- തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ യോഗത്തിനെത്തിയ വനിതാ പ്രസിഡന്റിന് ഇരിപ്പിടം നല്‍കാതെ നിലത്തിരുത്തി ജാതിവിവേചനം. യോഗത്തില്‍ മറ്റു പഞ്ചായത്ത് അംഗങ്ങളെല്ലാം കസേരയില്‍ ഇരിക്കുമ്പോള്‍ അധ്യക്ഷത വഹിക്കേണ്ട വനിതാ പ്രസിഡന്റ് നിലത്തിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ കടലൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തെര്‍കു തിട്ടൈ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. പട്ടിക ജാതിയായ ആദി ദ്രാവിഡ സമുദായ അംഗമായ പഞ്ചായത്ത് പ്രസിഡന്റാണ് പരസ്യമായി കടുത്ത ജാതി വിവേചനത്തിന് ഇരയായത്. സംവരണ സീറ്റില്‍ കഴിഞ്ഞ വര്‍ഷമണ് ഇവരെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

"എന്റെ ജാതി കാരണം യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാന്‍ വൈസ് പ്രസിഡന്റ് അനുവദിക്കാറില്ല. പതാക ഉയര്‍ത്താന്‍ പോലും എന്നെ അദ്ദേഹം അനുവദിക്കാറില്ല. അദ്ദേഹം അച്ഛനെ കൊണ്ടാണ് ഇതു ചെയ്യിച്ചത്. മാസങ്ങളായി ഉയര്‍ന്ന ജാതിക്കാരുമായി ഞാന്‍ സഹകരിച്ചു പോരുന്നു. എന്നാല്‍ ഇത് അസഹനീയമായിരിക്കുകയാണ്"- വിവേചനത്തിനിരയായ വനിതാ നേതാവ് പറഞ്ഞു.

ഈ വിവേചനം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പഞ്ചായത്ത് സെക്രട്ടറിയായ വനിതാ ഉദ്യോഗസ്ഥയെ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. 


 

Latest News