ലോകസഞ്ചാരി മൊയ്തു കിഴിശ്ശേരി അന്തരിച്ചു

മലപ്പുറം- ലോകസഞ്ചാരിയും എഴുത്തുകാരനുമായ മൊയ്തു കിഴിശ്ശേരി (61) അന്തരിച്ചു. വൃക്കരോഗത്തേത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്താം വയസിൽ 50 രൂപയുമായി വീടുവിട്ടിറങ്ങിയ മൊയ്തു തുടർന്ന് 43 രാജ്യങ്ങളിലൂടെ വർഷങ്ങളോളം യാത്ര ചെയ്തു. 20 ഭാഷകൾ സ്വായത്തമാക്കി. വിസയും പാസ്‌പോർട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്. ഇതിനിടയിൽ ഇറാനിൽ സൈനികസേവനം നടത്തി. 1980ൽ ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയുടെ റിപ്പോർട്ടറുമായി.
യാത്രകൾക്കിടെ ശേഖരിച്ച പുരാവസ്തുക്കളുടെ വൻശേഖരം ചികിത്സയ്ക്കുള്ള ആവശ്യത്തിനായി ഈയിടെ അദ്ദേഹം കൊണ്ടോട്ടിയിലുള്ള മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിന് നൽകുകയായിരുന്നു. ദർദെ ജുദാഈ, ലിവിങ് ഓൺ ദ എഡ്ജ്, ദൂർ കെ മുസാഫിർ, ചരിത്ര ഭൂമികളിലൂടെ, തുർക്കിയാത്ര തുടങ്ങിയവയാണ് പ്രധാനകൃതികൾ. സഫിയയാണ് ഭാര്യ. നാദിർഷാൻ, സജ്‌ന എന്നിവർ മക്കളാണ്.
 

Latest News