ഇന്ത്യയിലെ മുസ്‌ലിംകള്‍ ഏറ്റവും സന്തുഷ്ടരെന്ന് ആര്‍എസ്എസ് തലവന്‍

നാഗ്പൂര്‍- ഏറ്റവും സന്തുഷ്ടരായ മുസ്‌ലിംകള്‍ ഇന്ത്യയില്‍ മാത്രമെ ഉള്ളൂവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മഹാരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദി മാസികയായ വിവേകിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യത്തിന്റെ സംസ്‌ക്കാരത്തിനു മേല്‍ ആക്രമണമുണ്ടായപ്പോഴെല്ലാം എല്ലാ മതക്കാരും ഒന്നിച്ചു നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഹിന്ദുക്കള്‍ക്കു മാത്രമെ ഇവിടെ കഴിയാവൂ എന്നും ഹിന്ദുക്കളെ മാത്രമെ കേള്‍ക്കൂവെന്നും നമ്മുടെ ഭരണഘടന പറയുന്നില്ല. ഇവിടെ ജീവിക്കണമെങ്കില്‍ ഹിന്ദുക്കളുടെ അധീശത്വം അംഗീകരിച്ചെ മതിയാകൂ. അവര്‍ക്ക് നാം ഒരു ഇടം സൃഷ്ടിച്ചിട്ടുണ്ട്. ഇതാണ് നമ്മുടെ രാഷ്ട്രത്തിന്റെ സ്വഭാവം. ഈ സഹജമായ സ്വഭാവത്തെയാണ് ഹിന്ദു എന്നു വിളിക്കുന്നത്,' ഭാഗവത് പറയുന്നു.

ആയോധ്യയിലെ രാമ ക്ഷേത്രം വെറും ആചാര ലക്ഷ്യത്തോടെ മാത്രമുള്ളതല്ലെന്നും അത് ദേശീയ മൂല്യങ്ങളുടേയും സ്വഭാവത്തിന്റേയും അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങളുടെ മൂല്യങ്ങളേയും ആത്മവീര്യത്തേയും ഇല്ലാതാക്കാനാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടത്. ഈ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഹിന്ദു സമൂഹം വളരെ മുമ്പു തന്നെ ആഗ്രഹിച്ചതാണ്. ശ്രീ രാമ ക്ഷേത്രം തകര്‍ത്ത് നമ്മെ അപമാനിച്ചു. അതു പുനര്‍നിര്‍മിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
 

Latest News