മലപ്പുറം - ഇന്നലെ 1174 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകരും അധികൃതരും. കോവിഡ് കുത്തനെ
കൂടിയതോടെ ജില്ല കൂട്ടമരണ ഭീതിയുടെ വക്കിലെത്തി നിൽക്കുകയാണ്. 133 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്. ഇന്നലെ സ്ഥിരീകരിച്ചവരിൽ 1,125 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 25 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗബാധയുണ്ടായവരിൽ 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവ് ജില്ലയിൽ തുടരുകയാണ്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. സമ്പർക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതാണ് ആശങ്കയുയർത്തുന്നത്.
ഇന്നലെ 909 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. 23,065 പേർ ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 48,488 പേരാണ് ഇപ്പോൾ ജില്ലയിൽ ചികിൽസയിലുള്ളത്. 7914 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 529 പേരും വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1341 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 133 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.






