Sorry, you need to enable JavaScript to visit this website.

കേരള കോൺഗ്രസ് ജന്മദിനം നാലായി, വേറിട്ട്, വെവ്വേറെ 


കോട്ടയം- കേരള കോൺഗ്രസ് ജന്മദിനം ഇന്നലെ വേറിട്ട നിലയിൽ കോട്ടയത്ത് നാലായി, വെവ്വേറെ നടന്നു. കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗം, പി.ജെ ജോസഫ് വിഭാഗം എന്നിവരും തോമസ്, അനൂപ് ജേക്കബ് വിഭാഗങ്ങളും കോട്ടയത്ത് ജന്മദിന സമ്മേളനം നടത്തി. 
മുന്നണി പ്രവേശനം വൈകാതെയുണ്ടാകുമെന്നും ഹൈക്കോടതിയിലെ ചിഹ്‌ന കേസിൽ വിജയം തങ്ങൾക്കായിരിക്കുമെന്നും വ്യക്തമാക്കി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി എം.പി. യു.ഡി.എഫ് സ്വീകരിക്കുന്ന സമീപനത്തിന് എതിരെ യോഗത്തിൽ വിമർശനം ഉയർന്നു. അതേസമയം, ദിശാബോധം ഇല്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് കെ.മാണിയെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് ജന്മദിനത്തിൽ വെവ്വേറെ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കേരള കോൺഗ്രസ് തോമസ്, അനൂപ് ജേക്കബ് വിഭാഗങ്ങളും കോട്ടയത്ത് ജന്മദിന സമ്മേളനം നടത്തി. കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കടുത്ത ആരോപണങ്ങളാണ് കോൺഗ്രസിനെതിരെ ജോസ് കെ.മാണി വിഭാഗം ഉയർത്തിയത്.


കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തോട് യു.ഡി.എഫ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. പുറത്താക്കലിന് ശേഷം ഒരുവിധ ചർച്ചക്കും യു.ഡി.എഫിലെ ഒരു നേതാവും തയാറായിട്ടില്ല. 
കേരള കോൺഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പി.ജെ ജോസഫും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ജോസ് കെ.മാണി കുറ്റപ്പെടുത്തി. 


കേരളാ കോൺഗ്രസ് (എം) ന്റെ മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ദിവസങ്ങൾക്കുള്ളിലുണ്ടാകുമെന്ന് ജോസ് കെ.മാണി എം.പി. കൂട്ടായ തീരുമാനത്തിലൂടെയാന്ന് മുന്നണി പ്രവേശനമുണ്ടാവുകയെന്നും ഇത് സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി. ചിഹ്നവും പാർട്ടിയും തങ്ങൾക്കാണെന്ന് ഇലക്ഷൻ കമ്മീഷൻ വിധിച്ചു കഴിഞ്ഞു. ആ വിധിയിൽ എതിർവിഭാഗം അപ്പീൽ പോയി. അതിനെ എതിർത്തില്ല. കോടതി ഇനി വിസ്തരിക്കും. അതിനു ശേഷം വിധി പറയും. വിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. അതിനാൽ ആശങ്കയേ ഇല്ല -ജോസ് കെ.മാണി എം.പി കൂട്ടിച്ചേർത്തു.


അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതു മുന്നണിയിലേക്ക് ജോസ് കെ.മാണി പോകുന്നത് ആത്മഹത്യാപരമാണെന്ന് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എം.എൽ.എ ജന്മദിന യോഗത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു 14 ന എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും ഓഫീസുകൾ മുൻപിൽ പ്രതിഷേധ ധർണ നടത്തും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ എഴുകോൺ സത്യൻ, ബാബു വലിയ വീടൻ, കെ.ആർ. ഗിരിജൻ, പ്രൊഫ.ജോണി സെബാസ്റ്റ്യൻ, രാജു പാണാലിക്കൽ, കെ.ജി. പുരുഷോത്തമൻ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, വത്സൻ അത്തിക്കൽ, അഡ്വ. പി.എസ്.ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് തോമസ് വിഭാഗം ജന്മദിന സമ്മേളനം കുമരകത്തു കേരള കോൺഗ്രസ് ചെയർമാൻ സ്‌കറിയ തോമസ് ഉദ്ഘാടനം ചെയ്തു. മനോജ് ചെമ്മുണ്ടവള്ളി അധ്യക്ഷനായി.

 

Latest News