'തിങ്കളാഴ്ച നല്ല ദിവസം' എന്നൊരു തെറ്റിദ്ധാരണ പരത്താൻ പത്മരാജന്റെ ഒരു സിനിമയ്ക്കു കഴിഞ്ഞു. ഇപ്പോൾ അതൊരു ശൈലിയായിട്ടുണ്ട്. പക്ഷേ 'പതിമൂന്നാം തീയതി വെള്ളിയാഴ്ച' എന്നൊരു ആംഗല ചിത്രം പോലെ ആയില്ല. ചില വിശ്വാസികൾക്ക് '13' ലക്ഷണപ്പിശകാണ്. പോരാഞ്ഞിട്ടു വെള്ളിയാഴ്ചയും! 'കൂനിന്മേൽ കുരു' വെന്നു പറഞ്ഞതു പോലുണ്ട് കാര്യം. ജോസ് കെ. മാണി ഇപ്പോൾ ആ 'കുരു' ചുമക്കുകയാണോ എന്നു ശങ്ക. വരുന്ന ഒമ്പത് കേ.കോയുടെ ജന്മദിനം -വെള്ളിയാഴ്ച.
ഇടതുമുന്നണിയുമായുള്ള- എന്നു പറയാൻ വരട്ടെ, സി.പി.എമ്മുമായുള്ള രഹസ്യ ചർച്ചാ ഫലമനുസരിച്ച് നിയമസഭാ സീറ്റ് കിട്ടാൻ പോകുന്നത് പതിമൂന്ന്. അതും ചെകുത്താന്റെ സംഖ്യയാണ്. ഇതെല്ലാം 'ഗോസിപ്പ് ഫാക്ടറി'യിൽ നിന്നു പുറത്തുവിടുന്നതാണെന്നു സമാധാനിക്കാം. നടുക്കടലിൽ കിടന്ന് എന്തു കിട്ടിയാലും സമാധാനിക്കണമല്ലോ. പക്ഷേ തികഞ്ഞ അന്ധവിശ്വാസികൾ, കറകളഞ്ഞ കമ്യൂണിസ്റ്റ് വിരോധികൾ, ഇത്തരം ഒരു സീറ്റു ധാരണയ്ക്ക് തല വെച്ചുകൊടുക്കുമോ? ആ പ്രശ്‌നമേയില്ല. അവർ മുങ്ങിച്ചാകാനും തയാർ! പല തല നരച്ചവരും ജോസ് മോനെ വേർപിരിഞ്ഞു സ്ഥലം വിട്ട കാലമാണ്. ചുരുങ്ങിയ പക്ഷം, സാധ്യതാ പട്ടിക പെട്ടിക്കകത്തു വെച്ചു പൂട്ടി താക്കോൽ മാത്രം കൈയിൽ കരുതിയാൽ മതിയായിരുന്നു. പെട്ടിക്കു ചോർച്ചയുണ്ടായോ, 'അന്വേഷണാത്മക'ന്മാർ അകത്തു കയറിയോ എന്നൊന്നും ഇനി അന്വേഷിക്കണ്ട. പാലാ സീറ്റും കാഞ്ഞിരപ്പള്ളി സീറ്റും ജോസ് മോൻ മുറുകെ പിടിക്കുന്ന കാര്യം പുറത്തായി. രാജ്യസഭാംഗ സ്ഥാനം ജോസൂട്ടി പുഷ്പം പോലെ വലിച്ചെറിയും. തന്റെ പാലാ കോവിലകം സംരക്ഷിക്കണം. ഏറ്റെടുക്കും. കാഞ്ഞിരപ്പള്ളി പ്രൊഫ. ജയരാജിനു പണ്ടേ പതിച്ചുകൊടുത്തതാണ്. അവിടെ സി.പി.ഐ നടുറോഡിൽ കയറി കുറുകെ കിടക്കുന്നു. മുതുവാനരനാണ്. കാര്യം പറഞ്ഞാൽ മനസ്സിലാക്കിയില്ലെങ്കിൽ, പഴയ വിമോചന സമരപ്പടയിലെ കാർന്നോന്മാരെ കുറുവടിയും കൊടുത്തു പറഞ്ഞയയ്ക്കാം.
സീറ്റ് മാറില്ലെന്നു പറയാൻ തക്കവണ്ണം സി.പി.ഐ കേരളത്തിലോ പുറത്തോ ആരുമല്ല. നേതാക്കന്മാർ നീലക്കണ്ണാടിയുടെ മുന്നിൽ നിന്നു സ്വന്തം ശരീരം ശരിക്കൊന്നു നോക്കണം. പാലായിലെ എൻ.സി.പിക്കാരൻ അബദ്ധവശാൽ എമ്മെല്ലേ ആയതാണ്. കക്ഷിയെ പാലം വലിക്കാൻ വല്യേട്ടൻ പാർട്ടിയെ ഏർപ്പാടാക്കിയിട്ടുണ്ട്. അതിനു മുമ്പായി മുംബൈയിൽ ചെന്ന് പവാർജിയെ കണ്ടു സങ്കടം ബോധിപ്പിക്കും. മാണി സി. കാപ്പനേക്കാൾ മികച്ച ഗുസ്തിക്കാരനാണ് അദ്ദേഹം. കനിഞ്ഞാൽ പിന്നെന്തും ചെയ്യും. ഇതിനിടയിൽ ദില്ലിവാലകളുമായി കക്ഷി സഖ്യമുണ്ടാക്കുമോ എന്നേ ഭയപ്പെടാനുള്ളൂ. ദില്ലിയിലെ ചാക്കുകൾ ശക്തമായ ഫൈബർ നൂലുകൾ കൊണ്ടും നോട്ടുകെട്ടുകൾ കൊണ്ടും തയാറാക്കിയതാണെന്നാണ് കേൾവി. കേരളാ കോൺഗ്രസിനും അതിന്റെ സാങ്കേതികവിദ്യ ഒന്നു പഠിക്കണമെന്നുമുണ്ട്. സംഗതി രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ജോസ് മോന്റെ വീട്ടുമുറ്റത്തെ പുൽക്കൊടികൾക്കു പോലും അതറിയില്ല. അറിഞ്ഞാൽ വിദ്യ തൊടുപുഴക്കാരൻ ജോസഫ് അടിച്ചുകൊണ്ടുപോകും.
**** **** ****
എവിടെയും നിർത്താൻ കഴിയുന്ന ഒരു ബസ് സർവീസ് - അതായിരുന്നു വകുപ്പു മന്ത്രിയുടെ സ്വപ്‌നം. എ.കെ. ശശീന്ദ്രന് അത്തരം സ്വപ്‌നങ്ങളൊക്കെ പകൽക്കിനാവുകൾ മാത്രമാണെന്ന ധാരണ ഉറച്ച കാലത്താണ് ടോമിൻ ജെ. തച്ചങ്കരിയുടെ വരവ്. ലക്ഷണവശാൽ മാത്രികനാകേണ്ടിയിരുന്ന അദ്ദേഹം വിധി വൈപരീത്യത്താൽ കെ.എസ്.ആർ.ടി.സിയുടെ എം.ഡിയായി. 'വല്ലഭന് പുല്ലും ആയുധം' എന്ന ചൊല്ല് അദ്ദേഹത്തെ ഉന്മേഷവാനാക്കി. വണ്ടിയിൽ കയറിയും ഇറങ്ങിയും വണ്ടി സ്റ്റാർട്ടാക്കിയും പിന്നിലെ ഫുട്‌ബോർഡിൽ ചെന്നു നിന്നു ബെല്ലടിച്ചുമൊക്കെ തച്ചങ്കരി ചത്തുകിടക്കുന്ന വകുപ്പിനെ വീണ്ടും ജനിപ്പിച്ചു എന്നു പറഞ്ഞില്ലെങ്കിൽ കടുംകൈയോ നന്ദികേടോ ആയിപ്പോകും.
ഐ.പി.എസുകാർ പലരും ചവിട്ടിത്തിരുമ്മുകയും കുഴമ്പു തേച്ചും പിഴിച്ചിൽ നടത്തുകയുമൊക്കെ ചെയ്തിട്ടും ഫലം നഹി. മന്ത്രി ശശീന്ദ്രന്റെ പ്രതീക്ഷകൾ ഒരു കുഞ്ഞിക്കാല് കാണാൻ കഴിയാത്ത വല്യപ്പൂപ്പന്റേതു പോലെ മങ്ങി. ആശയറ്റു പോകും മുമ്പ് ബിജു പ്രഭാകർ എന്ന ഐ.എ.എസുകാരൻ വീട്ടിലെത്തി പരിശ്രമം തുടങ്ങി. ഇളക്കം, വലിവ്, ഛർദി, പിത്തം തുടങ്ങിയ എല്ലാ രോഗങ്ങളും ഐക്യമുന്നണിയായി വർത്തിച്ചുപോരുന്ന വണ്ടി കോർപറേഷനു ഉദ്ധരിക്കാനുള്ള അറ്റകൈയാണ് ഇപ്പോൾ മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടിപ്പിച്ചത്.
സ്വതവേ ധീരനും ഇരട്ടച്ചങ്കനും കരിങ്കൽ ശരീരനുമൊക്കെയായ സഖാവ് ഇത്തവണ ശങ്ക പുറത്തു കാട്ടി. വഴിയിൽ കാണുന്നിടത്തൊക്കെ നിർത്തിയാലുണ്ടാകുന്ന നഷ്ടവും അരാജകത്വവും ആരു സഹിക്കും? ഇറങ്ങിപ്പോകാൻ കാലമായതുകൊണ്ട് ഐസക് ഡോക്ടർ ചില്ലിക്കാശ് ഇനി കടം തരില്ല. ഇത്തരം പരീക്ഷണ ഘട്ടങ്ങളിലെ പതിവു മൗനം തന്നെ ഭൂഷണമെന്നു ശശീന്ദ്രൻ മന്ത്രിക്കറിയാം. പക്ഷേ മുൻ ധനകാര്യ മന്ത്രിയായിരുന്ന തച്ചടി പ്രഭാകരന്റെ പുത്രൻ ബിജു പ്രഭാകറിന് അറിയില്ല. അദ്ദേഹം വണ്ടി നിർത്തും, ഓടിക്കും. കേരളം അതു കാണാൻ പോകുകയാണ്. ആരോടും കടം മാത്രം ചോദിക്കരുത്. കോവിഡ് കാലമാണ്, ദാരിദ്ര്യം പറഞ്ഞു കൈമലർത്തും.
**** **** ****
ഐ ഫോണും റിസ്റ്റ് വാച്ചും തമ്മിൽ മുജ്ജന്മ ബന്ധം വല്ലതുമുണ്ടോ? ഒരാൾക്കു വിപത്തു വരുമ്പോൾ അപരൻ സഹായിയായി മാറുന്നതു കണ്ടാൽ ആരും അക്കാര്യം സംശയിക്കും. ഇവിടെ യൂനിടാപ്പുകാരൻ പ്രതിപക്ഷത്തിന് ഒരു 'ആപ്' അടിക്കാൻ ശ്രമിച്ചപ്പോൾ തന്നെ തെറിച്ചുപോയ കഥ ഇപ്പോൾ നാട്ടിൽ പാട്ടാണ്. പകർച്ചവ്യാധിയും കണ്ടെയ്ൻമെന്റും നൂറ്റിനാൽപത്തിനാലും ഇല്ലായിരുന്നെങ്കിൽ സംഭവം ഇപ്പോൾ ഒന്ന് ആഘോഷിക്കുമായിരുന്നു. അഞ്ച് ഐ ഫോണുകൾ. അതിൽ ഒന്നുപ്രതിപക്ഷനേതാവിനു കൊടുത്തേക്കാൻ ഈപ്പൻ മുമ്പു പറഞ്ഞുവത്രേ! അതിനു പിന്നിൽ ഒരു മുൻകൂട്ടി തയാറാക്കിയ തിരക്കഥ ഉണ്ടായിരുന്നോ ആവോ. അതാണ് ഇന്നത്തെ ഫാഷൻ. എന്തായാലും സ്വപ്‌ന മലർന്നു. ഈപ്പൻ അതിനു മുമ്പേ ചാടിക്കടന്നു. സ്വന്തം ഭാര്യയുമൊത്ത് അല്ലാതെ ലോകത്തെവിടെയും ഷോപ്പിംഗിനു പോയിട്ടില്ലാത്ത രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാകുന്നതിൽ നിന്നും തെറിപ്പിക്കാൻ ഒരു സരിതാ - സ്വപ്‌നാ മോഡൽ മെനഞ്ഞു വരികയായിരുന്നുവെന്നു കരുതണം.
**** **** ****
'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' എന്ന ശൈലിയിൽ സ്മിതാ മേനോനെ എഴുതിത്തള്ളാൻ വരട്ടെ. യു.ഡി.എഫിനു സരിതാ നായർ, എൽ.ഡി.എഫിനു സ്വപ്‌ന സുരേഷ്. എങ്കിൽ ബി.ജെ.പിക്കും ഒരു 'എസ്' ആകാം. ആകണം. എല്ലാവരും തേങ്ങ തിരുമ്മുമ്പോൾ നമ്മൾ ചിരട്ടയെങ്കിലും തിരുമ്മണം. ആ ശബ്ദം അയലത്തു കേൾക്കണം. അതു നമ്മുടെ നിലനിൽപിന്റെ കാര്യമാണ്. ഇല്ലെങ്കിൽ സ്വത്വപ്രതിസന്ധിയുണ്ടാകും. ആരാണീ മേനോൻ എന്നാരും അന്വേഷിക്കണ്ട. ഭാരതീയ ജനതാപാർട്ടിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ താങ്ങാൻ നിലനിലുള്ള ഗുസ്തിക്കാരൊന്നും പോരാതെ വന്നു. അങ്ങനെയാണ് സ്മിതാ ജി രംഗത്തു കയറുന്നത്. ഏതു തരം 'വെയ്റ്റും' എടുത്തുപൊക്കാൻ കഴിയുന്നു ഒരു കൊച്ചുമിടുക്കി. അതിൽ കൃഷ്ണദാസ് പക്ഷമോ, രാജേട്ടൻ പക്ഷമോ പല്ലു കടിച്ചിട്ടു കാര്യമില്ല. എല്ലാം വി. മുരളീധരന്റെ കൃപ കൊണ്ടു നടക്കുന്നുവെന്നു കരുതിയാൽ മതി. അദ്ദേഹം പലരുടെയും പേരുകൾ ഹാജർ ബുക്കിൽനിന്നും വെട്ടിക്കളയാറുണ്ടെന്ന് ഓരോ ദിവസവും വാർത്തകളിൽ കാണുന്നു. ഇക്കണക്കിനു പോയാൽ ജനങ്ങളുടെ ജോലി ഭാരം കുറയും. അവർ സ്വയം പിരിഞ്ഞുപൊയ്‌ക്കൊള്ളും. പ്രശ്‌നം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്നു കവടി നിരത്തി ആരും ഗണിച്ചു പ്രവചിക്കണ്ട. ചൈനയ്ക്ക് ഒരു കോവിഡിനെ സൃഷ്ടിക്കാമെങ്കിൽ ഇവിടെ ഒരു കൊടുങ്കാറ്റ് രൂപപ്പെടുത്തുക അത്ര വലിയ കാര്യമൊന്നുമല്ല.