അശ്ലീല ഉള്ളടക്കം; പാക്കിസ്ഥാനില്‍ ടിക്‌ടോക്കിന് വിലക്ക്

ഇസ്‌ലാമാബാദ്- അശ്ലീലവും അധാര്‍മികവുമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക്കിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ക്ക് തടയിടുന്നതിന് കാര്യക്ഷമമായ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി ആപ്പിന് വിലക്കേര്‍പ്പെടുത്തിയത്. അശ്ലീല ഉള്ളടക്കത്തിന്റെ പേരില്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അതോറിറ്റി അറിയിച്ചതായി ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജൂലൈയില്‍ അശ്ലീല കാഴ്ചകള്‍ ഉള്ള 3.7 ദശലക്ഷം വിഡിയോകള്‍ നീക്കം ചെയ്തിരുന്നതായി ടിക്‌ടോക്ക് വ്യക്തമാക്കി. 98 ശതമാനം വിഡിയോകളും റിപോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുമ്പു തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും 89 ശതമാനം വിഡിയോകളും നീക്കം ചെയ്യപ്പെടുന്നതിന് മുമ്പ് ഒറ്റത്തവണ മാത്രമെ ഉപയോക്താക്കള്‍ കണ്ടിട്ടുള്ളൂവെന്നും കമ്പനി വിശദീകരിച്ചു.

അശ്ലീല ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വിലക്ക് പുനപ്പരിശോധിക്കുമെന്ന് ടിക്‌ടോക്കിനെ പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

 


 

Latest News