Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ അഞ്ചു മാസം  എ. സമ്പത്ത് വീട്ടിലിരുന്ന്  ശമ്പളമായി വാങ്ങിയത് 3.28 ലക്ഷം

ന്യൂദല്‍ഹി-കേരളത്തിന്റെ കാര്യങ്ങള്‍ക്കായി ദല്‍ഹിയില്‍ നിയമിച്ച സമ്പത്ത് കഴിഞ്ഞ അഞ്ചുമാസമായി നാട്ടില്‍ തന്നെ. ദല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ എ.സമ്പത്ത് ഇതിനിടെ വീട്ടിലിരുന്നു ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ. വിവരാവകാശ രേഖ പ്രകാരമാണ് ഇത് പുറത്തുവന്നത്. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സമ്പത്ത് നാട്ടിലാണ്. അതേസമയം, ഏപ്രില്‍ മുതല്‍ എത്രദിവസം ദല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു, അവധിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് കേരള ഹൗസിന്റെ മറുപടി.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനും സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമെന്ന് പറഞ്ഞാണ് മുന്‍ എം.പിയും സി.പിഎം നേതാവുമായ എ സമ്പത്തിനെ ദല്‍ഹി കേരള ഹൗസില്‍ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ നാട്ടിലെത്താനാകെ കുഴങ്ങിയപ്പോള്‍ സഹായപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക പ്രതിനിധിയില്ലാത്തതു ചര്‍ച്ചയായിരുന്നു. ലോക്ഡൗണിന്റെ ഭാഗമായി വിമാന, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്ന് അന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി പുന:സ്ഥാപിക്കപ്പെട്ടിട്ട് മാസങ്ങളാകുന്നു. എന്നിട്ടും പ്രത്യേക പ്രതിനിധി വീട്ടിലിരുന്നു ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
 

Latest News