Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി,  യാത്രക്കാരെ തിരിച്ചിറക്കി

കൊച്ചി-കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കു ഇന്ന് പുറപ്പെടാനിരുന്ന വിമാനം അവസാന നിമിഷം റദ്ദാക്കി. യാത്രക്കാരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ആണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം നാളെ വിമാനം പുറപ്പെടും. 
യുകെ മലയാളികള്‍ക്ക് ആശ്വാസകരമായി ലഭിച്ച ലണ്ടന്‍ കൊച്ചി, കൊച്ചി ലണ്ടന്‍ പ്രതിവാര ഡയറക്ട് വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ നീട്ടിയിരുന്നു. ഓഗസ്റ്റ് 29ന് ആരംഭിച്ച സര്‍വീസ് ഈ മാസം സെപ്റ്റംബര്‍ 26 വരെ തുടരാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് പിന്നീട് നീട്ടിയത്.
എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍ നിന്നും ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകള്‍. 10 മണിക്കൂര്‍ നീളുന്ന നോണ്‍സ്‌റ്റോപ്പ് സര്‍വീസുകളാണ് വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. 
കേരളത്തില്‍ നിന്ന് ഇതുവരെ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ നേരിട്ട് സര്‍വീസ് ഉണ്ടായിരുന്നില്ല. ബ്രിട്ടനില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെത്തുന്നത്. 15 മണിക്കൂറിലേറെ സമയമെടുത്ത് ഗള്‍ഫ് വഴി യാത്രചെയ്ത് എത്തിയിരുന്ന ഇവര്‍ക്ക് യാത്രാസമയം 10 മണിക്കൂറില്‍ താഴെയായി കുറയ്ക്കാന്‍ കൊച്ചി ലണ്ടന്‍ സര്‍വീസ് സഹായിക്കും.എയര്‍ ഇന്ത്യയ്ക്ക് ലാന്‍ഡിങ് ഫീസ്, പാര്‍ക്കിങ് ഫീസ് എന്നീ ഇനങ്ങളില്‍ 1.75 ലക്ഷത്തോളം രൂപ ഒഴിവാക്കിക്കൊടുത്താണ് നെടുമ്പാശേരിയില്‍നിന്നും ലണ്ടന്‍ സര്‍വീസ് ആരംഭിച്ചത്. ഇതിനു പുറമെ കാബിന്‍ ക്രൂവിന്റെ കൊച്ചിയിലെ താമസത്തിനും കാര്‍ഗോ സര്‍വീസിനും ഒട്ടേറെ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.


 

Latest News