ഗതാഗത മേഖലയില്‍ 45,000 വിദേശികള്‍ക്ക് കൂടി തൊഴില്‍ നഷ്ടമാകും

റിയാദ് - ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി  45,000 ലേറെ സ്വദേശികള്‍ക്ക് കൂടി തൊഴില്‍ ലഭ്യമാക്കാന്‍  ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നതായി വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി. സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ അടുത്ത ഘട്ടത്തില്‍ സൗദിവല്‍ക്കരണം പൂര്‍ത്തിയാകും. ഗതാഗത മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സുമായും മാനവശേഷി വികസന നിധിയുമായും ഗതാഗത മന്ത്രാലയം കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.


ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ സ്വയം തൊഴില്‍ സുസ്ഥിരതക്ക് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതിലൂടെ പതിനായിരം സൗദി യുവാക്കള്‍ക്ക് സഹായം നല്‍കും. സ്വദേശിവല്‍ക്കരണത്തിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഓണ്‍ലൈന്‍ ടാക്‌സി മേഖല വലിയ വിജയം വരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ സൗദി വനിതകള്‍ അടക്കം ആറു ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.


രണ്ടു കരാറുകളാണ് ഒപ്പുവെച്ചത്. ഇതില്‍ ഒന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും മാനവശേഷി വികസന നിധിയും ഗതാഗത മന്ത്രാലയവും തമ്മിലാണ്.  ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ സ്വയം തൊഴില്‍ സുസ്ഥിരതയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച രണ്ടാമത്തെ കരാറിലൂടെ പതിനായിരം തൊഴിലുകള്‍ക്ക് പിന്തുണ നല്‍കുമെന്നും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയില്‍ സൗദിവല്‍ക്കരണത്തിന് പിന്തുണ നല്‍കാന്‍ ഗതാഗത മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും മാനവശേഷി വികസന നിധിയും താനും ധാരണാപത്രം ഒപ്പുവെച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയും പറഞ്ഞു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് എല്ലാ വകുപ്പുകളും തമ്മില്‍ സഹകരിക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചതെന്നും എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി കൂട്ടിച്ചേര്‍ത്തു.

 

Latest News