Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷനിൽനിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കാൻ ശ്രമിച്ചത് മന്ത്രി പുത്രന്മാരെന്ന് ജി. ശങ്കർ

തിരുവനന്തപുരം- വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കാൻ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ഉടമ ജി.ശങ്കർ. പിന്നിൽ മന്ത്രി പുത്രന്മാരെന്നും കമ്മീഷനായി അവർ നേടിയത് കോടികളാണെന്നും വെളിപ്പെടുത്തൽ. സ്‌പോൺസർഷിപ്പിന്റെ കാര്യത്തിൽ സംശയങ്ങളുണ്ടെന്നും അതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും ലൈഫ് മിഷൻ തന്നോട് ആവശ്യപ്പെട്ടെന്നും ശങ്കർ വ്യക്തമാക്കി.
31 കോടിയുടെ പദ്ധതിയെന്നാണ് ആദ്യം കണക്കാക്കിയത്. ഇതനുസരിച്ച് തയാറാക്കിയ രൂപരേഖ ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് നാലു തവണ മാറ്റേണ്ടിവന്നു. ഒടുവിൽ 15 കോടിക്കകത്ത് ചെയ്യണമെന്ന് ലൈഫ് മിഷൻ ഹാബിറ്റാറ്റിനോട് ആവശ്യപ്പെട്ടു. ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിർത്തിവയ്ക്കാൻ സർക്കാർ പെട്ടെന്ന് ആവശ്യപ്പെട്ടു.
സ്‌പോൺസർഷിപ്പിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് സർക്കാർ പറഞ്ഞതെന്നും ജി.ശങ്കർ വെളിപ്പെടുത്തി.  


ലൈഫ് മിഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ രീതികളുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അല്ലാതെ ഉയർന്ന തുക നൽകിയതിനാലല്ല ഹാബിറ്റാറ്റിനെ ഒഴിവാക്കിയത്. പദ്ധതിക്കായി ഹാബിറ്റാറ്റ് അവസാനം സമർപ്പിച്ച രൂപരേഖയുമായി യൂണിടാക്കിന്റെ രൂപരേഖയക്ക് സാദൃശ്യമുണ്ടെന്നും ജി.ശങ്കർ ആരോപിച്ചു. ആശുപത്രി കെട്ടിടത്തിന്റെ കാര്യത്തിൽ മാത്രമാണ് കാര്യമായ വ്യത്യാസമുള്ളതെന്നും പദ്ധതിയെക്കുറിച്ച് ഒട്ടേറെ സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ടെന്നും ശങ്കർ പറഞ്ഞു. ലൈഫ് മിഷൻ കരാർ നൽകിയത് തങ്ങളെ ഒഴിവാക്കിയാണെന്ന ശങ്കറിന്റെ ആദ്യത്തെ വെളിപ്പെടുത്തലിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു.


വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയായിരുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിന് പകരം യൂണിടാക്കിന് നിർമാണ കരാർ നൽകിയതിൽ മന്ത്രി പുത്രന്മാർക്ക് അടക്കം പങ്കുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 
യൂണിടാക്കിന് കരാർ നൽകിയ വകയിൽ നാലേകാൽ കോടി രൂപ കമ്മീഷനായി സ്വപ്‌ന സുരേഷിന് നൽകി എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സി. ബി.ഐയ്ക്ക് മൊഴി നൽകിയിട്ടുള്ളത്.

 

Latest News