ന്യൂദല്‍ഹി- പോലീസ് ഓഫീസര്‍മാര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലകള്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി) അനുസരിച്ച് സമാധാന പാലനത്തിനായി കുറ്റാരോപിതരുടെ ജാമ്യം തള്ളാനും അനുവദിക്കാനും പോലീസിന് അധികാരം നല്‍കുന്നതില്‍ കോടതി ആശ്ചര്യം രേഖപ്പെടുത്തി. പോലീസ് ഓഫീസര്‍മാര്‍ക്ക് ഒരിക്കലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഈ അധികാരം നല്‍കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ക്രിമിനല്‍ നടപടി ചട്ടം ഏഴാം അനുച്ഛേദത്തിലെ 107, 111, 116 വകുപ്പുകള്‍ അനുസരിച്ച് ഏകപക്ഷീയമായി ജാമ്യം നിഷേധിക്കുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. പൊതുശല്യം, അടിപിടി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കുന്നതു സംബന്ധിച്ചാണിവ. ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ഈടിന്മേല്‍ ജാമ്യം അനുവദിക്കാതിരിക്കുന്നത് വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം നിഷധിക്കലാണെന്നും മറ്റൊരു നിയമസഹായവും ലഭിക്കാതെ ഇവര്‍ തടവിലാക്കപ്പെടുകയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തില്‍ അമിക്കസ് കൂറി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനിന്ദര്‍ സിംഗ് വിശദമായ കുറിപ്പും കോടതിയില്‍ സമര്‍പ്പിച്ചു. ക്രിമിനല്‍ നടപടി ചട്ടം ഏഴാം അനുച്ഛേദം കരുതല്‍ നിയമ നടപടിയുടെ ഭാഗമാണ്. എങ്കിലും ഒരു വ്യക്തിയെ തടവിലിടുന്നതിന് മുമ്പ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് വിശദമായ മൊഴി രേഖപ്പെടുത്തുകയും വിവരം ശേഖരിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ തടവിലിടാവൂ എന്ന് സിംഗ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ മിക്ക കേസുകളിലും തടവിലിടാനുള്ള അധികാരം ഉപയോഗിക്കുന്നത് ഏകപക്ഷീയമാണെന്നും സിംഗ് കോടയില്‍ വ്യക്തമാക്കി.
പോലീസ് ഓഫീസര്‍മാര്‍ മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് കുറ്റാരോപിതരെ നിയമസഹായമില്ലാതെ ഏകപക്ഷീയമായി തടവിലുള്ള നടപടിയെ വിവിധ ഹൈക്കോടതികള്‍ നേരത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ മജിസ്ട്രേറ്റിന്റെ അധികാരങ്ങള്‍ എടുത്തു പ്രയോഗിക്കുന്ന പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നടപടിക്രമങ്ങള്‍ എങ്ങനെ നടത്തണമെന്ന് അറിയാത്തവരാണെന്നും അമിക്കസ് കൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.