ടെക്‌സസ്- അമേരിക്കയിലെ ടെക്‌സസില്‍ ഇന്ത്യന്‍ ബാലിക ഷെറിന്‍ കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛന്‍ മലയാളിയായ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍.
മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കൊലക്കുറ്റം ചുമത്തിയിട്ടില്ലെങ്കിലും ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യാനാണ് വെസ്്‌ലിയെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ വെച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പോലീസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു വെസ്്‌ലിയുടെ ആദ്യമൊഴി. പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് അന്ന് വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നാണ് 15 ദിവസത്തെ തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയ ക്രൂരമായി പരിക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഈ മാസം ഏഴിനാണ് റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്ന് ഷെറിനെ കാണാതായത്.






