കോണ്‍ഗ്രസില്‍ ചേരില്ല, ബി.ജെ.പിയെ താഴെയിറക്കും- ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്- ഗുജറാത്തില്‍ ദലിത് അവകാശമുന്നണി നേതാവ് ജിഗ്‌നേഷ് മേവാനി കോണ്‍ഗ്രസില്‍ ചേരുമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷ അസ്ഥാനത്തായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകുന്നില്ലെന്നും എന്നാല്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും മേവാനി പറഞ്ഞു.
 
ആര്‍ക്കു വോട്ടു ചെയ്യണമെന്ന് പറയില്ലെങ്കിലും ദലിത്, പട്ടിദാര്‍, കര്‍ഷക വിരുദ്ധരായ ബി.ജെ.പിയെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മേവാനി പറഞ്ഞു.
 
ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകണമെന്നില്ല. അല്‍പേഷ് താക്കൂറും ഹാര്‍ദിക്കും ഞാനും  ബി.ജെ.പിക്ക് എതിരാണ്. ട്രേഡ് യൂനിയനുകളും രംഗത്തുണ്ട്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി പോരാടുമ്പോള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന പരസ്പര ധാരണ മാത്രം മതി. വോട്ടുകള്‍ ഭിന്നിക്കുമെന്ന് കരുതുന്നില്ലെന്നും മേവാനി പറഞ്ഞു. എല്ലാവര്‍ക്കും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുദ്രാവാക്യം ഗുജറാത്തില്‍ ആരും വിശ്വസിക്കില്ലെന്നും ആറു കോടി ജനങ്ങള്‍ ബി.ജെ.പിയെ താഴെയിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.
 

Latest News