റിലയന്‍സില്‍ വീണ്ടും അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അയ്യായിരം കോടി നിക്ഷേപിക്കുന്നു

മുംബൈ- അബുദബി സര്‍ക്കാരിനു കീഴിലുള്ള അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുകേശ് അംബാനിയുടെ റിലയന്‍സില്‍ 5,512.50 കോടി രൂപ നിക്ഷേപിക്കും. മാസങ്ങള്‍ക്കിടെ ഇതു രണ്ടാം തവണയാണ് റിലയന്‍സ് ഗ്രൂപ്പ് കമ്പനിയില്‍ അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നിക്ഷേപമിറക്കുന്നത്. പുതിയ നിക്ഷേപത്തോടെ റിലയന്‍സിന്റെ ചില്ലറവില്‍പ്പന കമ്പനിയായ റിലയന്‍സ് റിട്ടെയ്ല്‍ വെന്‍ചേഴ്‌സില്‍ 1.2 ശതമാനം ഓഹരി അബുദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്കു ലഭിക്കും. ആഗോള നിക്ഷേപകരില്‍ നിന്ന് റിലയന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ നിക്ഷേപങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് ഇത്. ഈ നിക്ഷേപങ്ങളിലൂടെ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് റീട്ടെയ്ല്‍.

തങ്ങളുടെ റീട്ടെയ്ല്‍ യുണിറ്റിന് ഇതുവരെ 37,710 കോടി രൂപയുടെ നിക്ഷേപം ആഗോള നിക്ഷേപകരില്‍ നിന്ന് ലഭിച്ചതായി റിലയന്‍സ് അറിയിച്ചു. നേരത്തെ സില്‍വര്‍ ലെയ്ക്ക്, കെകെആര്‍ എന്നിവരും റിലയന്‍സില്‍ കോടികള്‍ നിക്ഷേപിച്ചിരുന്നു. ജൂണില്‍ അബുദബി ഇന്‍വെസ്റ്റ് അതോറിറ്റ് റിലയന്‍സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ സംരഭമായ ജിയോ പ്ലാറ്റ്‌ഫോംസില്‍ 5,683.50 കോടി രൂപ നിക്ഷേപിച്ച് 1.16 ശതമനം ഓഹരി സ്വന്തമക്കിയിരുന്നു.

അബുദബി സര്‍ക്കാരിന്റെ മറ്റൊരു നിക്ഷേപ ഫണ്ടായ മുബാദല റിലയന്‍സ് റീട്ടെയ്‌ലില്‍ കഴിഞ്ഞയാഴ്ച 6,247.5 കോടി രൂപ നിക്ഷേപിച്ച് 1.40 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു.
 

Latest News