തമിഴ്‌നാട്ടില്‍ ഇ പളനിസ്വാമി അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ചെന്നൈ- അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. നേതൃതര്‍ക്കം നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ നിലവിലെ മുഖ്യമന്ത്രി ഇ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ എതിരാളിയായ ഒ പന്നീര്‍ശെല്‍വമാണ്. ഉപമുഖ്യമന്ത്രിയായ പന്നീര്‍ശെല്‍വം അടുത്ത തവണ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.  പളനിസ്വാമി ചേരിയും പന്നീര്‍ശെല്‍വം ചേരിയും പാര്‍ട്ടിയില്‍ ശക്തരാണ്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്നതു സംബന്ധിച്ച സമവായമുണ്ടായത്. മുന്‍ പാര്‍ട്ടി അധ്യക്ഷ അന്തരിച്ച ജയലളിതയുടെ കാലത്തെ പോലെ 11 അംഗ സ്റ്റിയറിങ് കമ്മിറ്റി പാര്‍ട്ടിക്ക് കൂട്ടായ നേതൃത്വം നല്‍കുമെന്നും പന്നീര്‍ശെല്‍വം അറിയിച്ചു.

ചൊവ്വാഴ്ച തുടങ്ങിയ നേതൃചര്‍ച്ച ബുധനാഴ്ച പുലര്‍ച്ചെ 3.30 വരെ നീണ്ടതായും റിപോര്‍ട്ടുണ്ട്. ഇപിഎസ് എന്നറിയപ്പെടുന്ന പളനിസ്വാമിക്കും ഒപിഎസ് എന്നറിയിപ്പെടുന്ന പന്നീര്‍ശെല്‍വത്തിനുമിടയില്‍ പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കം നിലനിന്നിരുന്നു. അതിനിടെ മുഖ്യമന്ത്രിയായ പന്നീര്‍ശെല്‍വത്തെ ഉയര്‍ത്തിക്കാട്ടി കൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ തര്‍ക്കം രൂക്ഷമാകുന്നതിനു മുമ്പു തന്നെ മാരത്തണ്‍ ചര്‍ച്ചകളിലൂടെ ഇരുനേതാക്കളും സമവായത്തിലെത്തുകയായിരുന്നു. പളനിസ്വാമി സര്‍ക്കാരിന് നേതൃത്വം നല്‍കുമ്പോള്‍ പാര്‍ട്ടി നിയന്ത്രണം പന്നീര്‍ശെല്‍വത്തിനാണ്. 

അഴിമതിക്കേസില്‍ അകത്തായതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ അധ്യക്ഷ വി കെ ശശികല ജനുവരിയോടെയോ അതിനു മുമ്പോ ജയില്‍മോചിതയാകാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഈ സമവായത്തിന് പ്രാധാന്യമുണ്ട്.
 

Latest News