ന്യൂദല്‍ഹി- പാല്‍ഘറില്‍ രണ്ട് സന്യാസിമാരേയും ഡ്രൈവറേയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പോലീസുകാരുടെ ശമ്പളം വെട്ടിക്കുറച്ചതായി മഹാരാഷ്ട്ര പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതായും രണ്ട് പേര്‍ക്ക് നിര്ബന്ധതി വിരമിക്കല്‍ നല്‍കിയതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജിയാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. കേസില്‍ 126 പ്രതികള്‍ക്കെതിരെ രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചതായും പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കുറ്റകൃത്യം തടയുന്നതില്‍ പരാജയപ്പെട്ട പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.
ഏപ്രില്‍ 16ന് രാത്രിയാണ് പാല്‍ഘറിന് സമീപം ധാബാഡിഖന്വേല് റോഡില്‍ ഗഢ്ച്ചിന്‍ചാലേ ഗ്രാമത്തില്‍ കാറിലെത്തിയ രണ്ട് സന്ന്യാസിമാരെയും അവരുടെ െ്രെഡവറെയും നാട്ടുകാര്‍ തല്ലിക്കൊന്നത്.
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി സൂറത്തിലേക്ക് പോവുകയായിരുന്ന സുശീല്‍ ഗിരി മഹാരാജ്(35), നിതീഷ് തെല്ഗെണ(35) മഹാരാജ് കല്പവൃക്ഷഗിരി(70) എന്നിവരാണ് കൊല്ലപ്പെട്ടത്.
സുശീല്‍ ഗിരി മഹാരാജും മഹാരാജ് കല്‍പവൃക്ഷഗിരിയും ശ്രീ പഞ്ച് ദഷ്നം ജുന അഖാഡയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയിയാണ് ശ്രീ പഞ്ച് ദഷ്നം ജുന അഖാഡയുടെ ആസ്ഥാനം. ഏതാണ് 4,00,00 സന്ന്യാസിമാര്‍ ഈ അഖാഡയിലുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുക്കുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നൂറിലധികം പേരാണ് കാര്‍ തടഞ്ഞു നിര്‍ത്തി കല്ലും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്.






