കശ്മീരില്‍ ഏറ്റുമുട്ടിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍- തെക്കന്‍ കശ്മീരില്‍ സൈന്യവുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാത്രി മുഴുവന്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സൈന്യവും സി.ആര്‍.പി.എഫും പ്രദേശം വളഞ്ഞിരിക്കയാണെന്ന് പോലീസ് ചൊവ്വാഴ്ച വൈകിട്ട് വെളിപ്പെടുത്തിയിരുന്നു.

മുന്‍കരുതലെന്ന നിലയില്‍ ഷോപിയാനില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചിരുന്നു. ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News