Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷൻ: സി.ബി.ഐ  അന്വേഷണത്തിന് തടയിടാൻ സർക്കാർ

തിരുവനന്തപുരം- ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ കടുത്ത നിലപാടുമായി സർക്കാർ. കേസ് അന്വേഷണം സംബന്ധിച്ച വിവാദ രേഖകൾ സി.ബി.ഐക്ക് കൈമാറില്ലെന്ന കർശന നിലപാടിലാണ് വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഇനി കോടതി നിർദേശം ഇല്ലാതെ സി.ബി.ഐക്ക് നൽകേണ്ട എന്നാണ് വിജിലൻസ് തീരുമാനം. ലൈഫ് മിഷൻ തട്ടിപ്പിൽ സി.ബി.ഐ അന്വേഷണത്തിന് തൊട്ടുമുമ്പാണ് സംസ്ഥാന സർ ക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ ഇടപാട് സംബന്ധിച്ച രേഖകൾ വിജിലൻസിന്റെ കയ്യിലായി.

സി.ബി.ഐ എത്തുന്നതിന് മുമ്പ് തന്നെ ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തി വിജിലൻസ് സംഘം കരാറുമായി ബന്ധപ്പെട്ട രേഖകൾ കൈവശപ്പെടുത്തിയിരുന്നു. രേഖകൾ സി.ബി.ഐ അന്വേഷണത്തിലും ഏറെ പ്രധാനമാണ്. എന്നാൽ കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം ഈ രേഖകൾ വിട്ടുനൽകില്ലെന്നാണ് വിജിലൻസ് പറയുന്നത്. ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട ധാരണാപത്രം, ഇടപാടിലേക്ക് നയിച്ച മറ്റ് രേഖകൾ, നിയമവകുപ്പിന്റേതടക്കം വിവാദമായ ഫയലുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. അടിസ്ഥാന രേഖകളില്ലാതെ സി.ബി.ഐ അന്വേഷണത്തിന് മുന്നോട്ട് പോകാനാകില്ല. 


സർക്കാരിന്റെ അനുമതി ഇല്ലാതെയോ, കോടതി നിർദ്ദേശമില്ലാതെയോ സ്വമേധയായാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. ഇതിനെ സർക്കാർ ആദ്യമേ തന്നെ വിമർശിച്ചിരുന്നു. അന്വേഷണത്തിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെങ്കിലും അന്വേഷണത്തെ പരമാവധി തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് സ്വപ്‌നയേയും സന്ദീപിനേയും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് വിജിലൻസ്.

 

Latest News