വാഷിംഗ്ടണ്‍- നവംബറിലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ മൈക്ക് പെന്‍സും കമല ഹാരിസും തമ്മിലുള്ള സംവാദം ബുധനാഴ്ച. യൂട്ടായിലെ സാള്‍ട്ട് ലേക്ക് സിറ്റിയിലാണ് ലോകം ഉറ്റുനോക്കുന്ന സംവാദം. അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജ വൈസ്പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് പോഡിയത്തില്‍ കയറുന്നു എന്നതാണു പ്രത്യേകത. നിലവിലുള്ള വൈസ് പ്രസിഡന്റാണ് മൈക്ക് പെന്‍സ്.
ഡെമൊക്രറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് ഗുണകരമാവുന്ന വിധത്തില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അമ്പത്തഞ്ചുകാരിയായ കമലയ്ക്കു കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ട്രംപിനെതിരേ ബൈഡന്റെ ലീഡ് ഉയര്‍ത്താന്‍ കമലയുടെ വാക്ചാതുരി ഉപകരിക്കുമെന്ന് കരുതുന്നു. അടുത്ത ദിവസങ്ങളില്‍ ബൈഡന്റെ ലീഡ് ഇരട്ടയക്കത്തിലേക്കു കയറിയിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍, അറുപത്തൊന്നുകാരനായ പെന്‍സിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് റിപ്പബ്ലിക്കന്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നു.
ട്രംപിന് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ വൈസ് പ്രസിഡന്‍ഷ്യല്‍ സംവാദത്തിനു പ്രസക്തിയേറിയിട്ടുണ്ട്. തത്കാലം ഭരണത്തിന്റെ നിയന്ത്രണം പെന്‍സ് ഏറ്റെടുക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബൈഡന്‍ ഭരണത്തിലെ പ്രധാന ശക്തികേന്ദ്രം കമല ഹാരിസ് ആയിരിക്കുമെന്ന കണക്കുകൂട്ടലാണു പൊതുവേയുള്ളത്. അതുകൊണ്ടു തന്നെ കമലയുടെ വാദങ്ങള്‍ രാജ്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
സംവാദത്തിന് പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് പെന്‍സും ഹാരിസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.എസ്.എ ടുഡേയുടെ വാഷിംഗ്ടണ്‍ ബ്യൂറോ ചീഫ് സൂസന്‍ പേജാണ് മോഡറേറ്റര്‍. പത്തു മിനിറ്റ് വീതമുള്ള ഒമ്പതു ഭാഗങ്ങളായാണ് സംവാദം.






