Sorry, you need to enable JavaScript to visit this website.

മുംബൈ താജിലെ ചായ 

ഇന്ത്യയുടെ മഹാനഗരമായ ബോംബെയെക്കുറിച്ച് ചെറുപ്പത്തിലേ ഓരോ കഥകൾ കേൾക്കാറുണ്ടായിരുന്നു. അതിലൊന്നാണ് അംബരചുംബികളായ മന്ദിരങ്ങൾ കണ്ട് വിസ്മയിച്ച മലയാളി സഞ്ചാരിയെ കുറിച്ചുള്ളത്. ഓരോ വലിയ എടുപ്പ് കാണുമ്പോഴും ഈ വിദ്വാൻ തനിക്കറിയാവുന്ന ഹിന്ദിയിൽ ഇതാരുടേതെന്ന് തിരക്കും. മാലൂം നഹി സാബ് എന്ന് മുടങ്ങാതെ ഉത്തരവും ലഭിക്കും. ഈ കെട്ടിടങ്ങളുടെ ഉടമ തന്നെ ഈ നഗരത്തിലെ അംബാനിയെന്ന് വിചാരിച്ചിരിക്കുമ്പോഴതാ മസ്ജിദ് ഏരിയയിലൊരു വിലാപ യാത്ര. മയ്യിത്ത് കട്ടിലുമായി ഒരു സംഘം ഖബർസ്ഥാനിലേക്ക്. എന്തും അറിയാനുള്ള വ്യഗ്രതയുമായി നഗരം കാണാനെത്തിയ മലയാളി മരിച്ചതാരെന്നും ചോദിച്ചറിഞ്ഞു. അതിനും ഉത്തരം മാലൂം നഹി സാബ്. ഈ ഉത്തരം കേട്ടപ്പോൾ ആകെ സങ്കടമായി. ഇത്രയധികം സ്വത്തുണ്ടായിട്ടെന്ത് ഫലം. മുതലാളി മരിച്ചു പോയെന്നതാണ് ദുഃഖത്തിനാധാരം. ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥയാവുമിത്. ഒരു കാര്യം ഉറപ്പാണ്. ആദ്യം കണ്ട മഹാനഗരമെന്ന നിലയിൽ മുംബൈ പ്രവാസികളെ ഏറെ സ്വാധീനിക്കുന്ന പട്ടണമാണ്. 


കോഴിക്കോട്ട് റിപ്പോർട്ടറായി ജോലി ചെയ്യുമ്പോഴാണ് മുംബൈയിൽ ആദ്യമായെത്തുന്നത്. നമുക്ക് ചെലവൊന്നുമില്ല. ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കുള്ള പ്രസ് ക്ലബ് ടൂർ. അക്കാലത്ത് ഉദ്ഘാടനം ചെയ്ത കൊങ്കൺ പാതയിലൂടെ ഗോവയിലേക്ക് ആദ്യം. ട്രെയിൻ കമ്പാർട്ട്‌മെന്റ് നിറയെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകർ. ഗോവൻ സർക്കാർ  ടൂറിസം വകുപ്പിന്റെ അതിഥികളായി ആദ്യ ദിനങ്ങൾ. അതു കഴിഞ്ഞ് ജീവിതത്തിലാദ്യമായി മുംബൈയിലേക്ക്. 


പത്രപ്രവർത്തനം തുടങ്ങിയ നാളിൽ ആദ്യം പരിചയപ്പെട്ട സഹപ്രവർത്തകൻ ശ്രീകുമാർ നിയതിയുടെ കഥകൾ കേട്ട് വാതിൽപടിയിൽ സ്ഥാനമുറപ്പിച്ചു. കുതിച്ചു പായുന്ന ട്രെയിനിൽ നിന്ന് മഹാനഗരത്തിന്റെ പ്രാന്ത ദേശങ്ങൾ നന്നായി കാണാമല്ലോ. കേരളം, കർണാടക, ഗോവ സംസ്ഥാനങ്ങൾ പിന്നിട്ട് കൊങ്കൺ പാതയിലൂടെ നേത്രാവതി എക്‌സ്പ്രസ് മുംബൈ കുർളയിലെ ലോകമാന്യ തിലക് ടെർമിനസ് ലക്ഷ്യമാക്കി മുന്നോട്ട് പായുകയാണ്. അതിരാവിലെയാകയാൽ മഹാനഗരത്തിലേക്കുള്ള പല ട്രെയിനുകളെയും വഴിയിൽ കണ്ടു. ലക്ഷക്കണക്കിനാളുകളെ രാവിലെ മുംബൈയിലെത്തിച്ച് വൈകിട്ട് തിരികെ കൊണ്ടുവരാനുള്ള സബ് അർബൻ ട്രെയിനുകളെ മറികടന്നാണ് നേത്രാവതിയുടെ പ്രയാണം. സ്വാമി ലുക്കുള്ള ശ്രീകുമാറിന്റെ പ്രത്യേകത അന്നും ഇന്നും നീണ്ട താടിയുടെ ഉടമയാണെന്നതാണ്. രസമതല്ല. വഴിയിൽ കണ്ട ലോക്കൽ ട്രെയിനുകളിലെ യാത്രികർ ലഭിച്ച സുവർണാവസരം പാഴാക്കാതെ ശ്രീകുമാറിനെ നോക്കി കൂപ്പുകൈകളോടെ തൊഴുന്നു. ഉത്തരേന്ത്യയിലാണ് കഴിഞ്ഞതെങ്കിൽ ചുരുങ്ങിയത് ഒരു ബാബാ രാംദേവെങ്കിലുമാകാനുള്ള സ്‌കോപ്പുണ്ട് കക്ഷിക്ക്. 
കുർള ടെർമിനസ് ഒറ്റ നോട്ടത്തിൽ നിരാശപ്പെടുത്തി. ദക്ഷിണേന്ത്യയിലേക്ക് പ്രധാന എക്‌സ്പ്രസ് തീവണ്ടികൾ പുറപ്പെടുന്ന സ്റ്റേഷൻ കെട്ടിടമെത്ര ചെറുത്! ഞങ്ങൾക്ക് താമസമൊരുക്കിയത് മുംബൈ സെൻട്രലിലെ വൈ.എം.സി.എ ഹോസ്റ്റലിൽ. കുർളയിൽ നിന്നുള്ള റോഡ് യാത്രയിലാണ് ബഹുനില മന്ദിരങ്ങൾ തിങ്ങി നിറഞ്ഞ വീഥികൾ പിന്നിട്ടത്.

സംഘത്തിലെ യു.എൻ.ഐ ലേഖകൻ ആദ്യ കാലത്ത് തന്റെ ജോലി സ്ഥലമായ  മുംബൈയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച് കാട്ടിത്തന്നു. അന്നൊക്കെ മലയാളികൾ  ടൈപ് റൈറ്റിംഗ് പഠിച്ച് ജോലി തേടിയെത്തുന്നത് ബോംബെയിലേക്കായിരുന്നു. നവിമുംബൈ, വ്യവസായ ശാലകൾ. മറൈൻ ഡ്രൈവ്, ജുഹു ബീച്ച്, കൊളാബ, ഹാജി അലി ദർഗ, എലഫന്റ് ഗുഹ, നരിമാൻ പോയന്റ് പോലുള്ള കേന്ദ്രങ്ങൾ കണ്ട് രസിച്ച് ദിവസങ്ങൾ കടന്നു പോയി. 
പുതിയ നൂറ്റാണ്ട് പിറക്കുന്നതിന് അൽപം മുമ്പാണ് ഗൾഫ് പത്രത്തിൽ ജോലിയിൽ പ്രവേശിക്കാൻ വീണ്ടും മുംബൈയിലെത്തുന്നത്. വിസ സ്റ്റാമ്പിംഗ് പ്രോസസ് കുറച്ചധികം നീണ്ടു പോയ്‌ക്കോട്ടെയെന്ന് മനസ്സു കൊണ്ട് വിചാരിച്ച നാളുകൾ. ഛത്രപതി ശിവജി ടെർമിനസായി മാറിയ പഴയ വി.ടി സ്റ്റേഷനിലെ ഹിഗ്ഗിബോതംസിൽ ചെന്ന് സൗദി അറേബ്യയിലെ ഇംഗഌഷ് പത്രമായ അറബ് ന്യൂസ് വാങ്ങി. നമ്മൾ ജോലിക്ക് ചെല്ലുന്ന പത്രഗ്രൂപ്പിന്റെ പ്രസിദ്ധീകരണത്തെ അടുത്തറിയണമല്ലോ. ആദ്യമായാണ് 36 രൂപ മുടക്കി ഒരു ദിനപത്രം വാങ്ങുന്നത്. മുംബൈ നഗരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഏരിയ വി.ടിയും പരിസരവുമായി മാറി. ഏത് പാതിരാവിലും ജനസമുദ്രം. ഉറങ്ങാത്ത നഗരമെന്ന വിശേഷണം ശരിക്കും ചേരും. നേരെ മുമ്പിൽ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം. പത്രപ്രവർത്തനം ഗൗരവമായെടുക്കുന്ന ആരും എന്നെങ്കിലും ജോലി ചെയ്യാൻ കൊതിച്ചു പോകുന്ന ലോകത്തെ ഏറ്റവും പ്രചാരമുള്ള ഇംഗഌഷ് പത്രം. മുംബൈ മഹാനഗരമായി മാറിയപ്പോഴും കാര്യമായ മാറ്റമില്ലാതെ കൊളോണിയൽ കാലത്തെ ഓർമപ്പെടുത്തുന്ന വിധം വിരാജിക്കുന്നത് ചർച്ച് ഗേറ്റും ടൈംസ് ആസ്ഥാനം നിൽക്കുന്ന ഫോർട്ടിലെ ഡോ. ഡി.എൻ റോഡ് ഏരിയയുമാണ്.  


സി.എസ്.ടിയോട് ചേർന്ന് നടന്ന് ഡി.എൻ റോഡിലാണ് ധാരാളം വഴിവാണിഭക്കാരുള്ളത്. കാസർകോട്ടുകാരുടെ ആധിപത്യമുള്ള സ്ഥലമാണിത്. അവരോട് ഹിന്ദിയിൽ വില പേശി സംസാരിച്ച് കച്ചവടമുറപ്പിച്ച ശേഷമാണ് ഫോട്ടോഗ്രഫർ കെ.എ. രാജഗോപാൽ ഇവരൊക്കെ മലയാളികളാണെന്ന് തിരിച്ചറിഞ്ഞത്. അതാണ് കാസർകോടിന്റെ ബിസിനസ് സ്ട്രാറ്റജി. ഫാഷൻ സ്ട്രീറ്റിലെ വില പേശലുകളും ക്രാഫോർഡ് മാർക്കറ്റിലെ ഒഴുക്കും മറൈൻ ഡ്രൈവിലെ പ്രണയക്കാഴ്ചകളും ദൃശ്യ വിരുന്നായി.  
ഗൾഫ് പ്രവാസം തുടങ്ങും മുമ്പുള്ള ഇടവേളയിൽ വൈകുന്നരത്തെ കറക്കം അവസാനിക്കുക ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ  പരിസരത്താണ്. രാത്രി വൈകി പത്മിനി  ടാക്‌സി വിളിച്ചാൽ താമസ കേന്ദ്രത്തിലെത്താം. നേരെ മുന്നിൽ ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ താജ് ഹോട്ടൽ. കൂട്ടത്തിലാരോ അന്ന് പറഞ്ഞതോർക്കുന്നു. ഗൾഫിൽ ചെന്ന് പൈസയുണ്ടാക്കിയിട്ട് വേണം താജിൽ കയറി ചായ കുടിക്കാൻ. അദ്ദേഹം അത് സാധിച്ചുവോ എന്നറിയില്ല. പഞ്ചനക്ഷത്ര ഹോട്ടലിൽ ചായ കുടിക്കാൻ ചെലവേറുമെന്ന് തന്നെയാണ് ധാരണ. ഗോവയിലെ ലീല ഹോട്ടലിൽ അക്കാലത്ത് ചായക്ക് ഇരുനൂറ് രൂപയാണെന്ന് കേട്ടിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കപ്പുറം ഇത് പരീക്ഷിക്കാൻ കയറിയപ്പോൾ ചായക്ക് 450 രൂപയും സർവീസ് ചാർജും ടാക്‌സും ഉൾപ്പെടെ 700 രൂപയാണ്. ഇപ്പോഴത് ആയിരത്തിലേറെയായിക്കാണും. 


താജിലെ പ്രത്യേക അന്തരീക്ഷം അനുഭവിക്കാൻ അത്രയും പണം മുടക്കുന്നതിൽ തെറ്റില്ല. അവരുടെ കസ്റ്റമേഴ്‌സ് നമ്മളൊന്നുമല്ലല്ലോ. ബോളിവുഡിൽ കോടികൾ പ്രതിഫലം വാങ്ങുന്ന ഖാൻമാർക്കും മറ്റും പണം ചെലവാക്കാൻ വഴി വേണമല്ലോ. കോഴിക്കോട്ട് ഒരു വിദ്വാൻ ആശുപത്രി തുടങ്ങുമ്പോൾ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. മൂപ്പരുടെ അടുത്ത ബന്ധുവിന് വേണ്ട ചികിത്സ നഗരത്തിലെ ആശുപത്രിയിൽ ലഭിച്ചില്ലെന്ന വാശിയിലാണ് വൻകിട ആശുപത്രി ആരംഭിച്ചത്. സമാന കഥ താജ് ഹോട്ടലിനുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജംഷഡ്ജി ടാറ്റക്ക് നഗരത്തിലെ ഹോട്ടലുകളിൽ താമസിക്കാൻ മുറി ലഭിച്ചില്ല. അക്കാലത്ത് യൂറോപ്യന്മാർക്ക് മാത്രമേ റൂം അനുവദിക്കാറുള്ളൂ. എന്നാൽ ഇന്ത്യക്കാർക്ക് താമസിക്കാനും ഒരു ഹോട്ടൽ എന്ന നിലയ്ക്കാണ് അദ്ദേഹം താജ് ഹോട്ടൽ തുടങ്ങിയത്. പിന്നീട് അത് ഇന്ത്യയിലെ ഏറ്റവും മികച്ച നക്ഷത്ര ഹോട്ടലായി മാറി. മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. 1903 കാലത്ത് ടൈംസ് ഓഫ് ഇന്ത്യ എഡിറ്റർ നിർദേശിച്ചിട്ടാണ് ഇത്തരമൊരു ആഡംബര ഹോട്ടൽ ടാറ്റ പണിതത്. ബോംബെയുടെ പത്രാസിന് ഇണങ്ങുന്ന ഒരു ഹോട്ടൽ ഇല്ലാത്തതിന്റെ കുറവ് എഡിറ്റർ വ്യവസായിയായ ജംഷഡ്്ജി ടാറ്റയോട് പറഞ്ഞുവത്രേ.  ഗേറ്റ് വേ ഓഫ് ഇന്ത്യയുടേയും താജിന്റേയും അരികിൽ നിന്ന് പുറപ്പെടുന്ന ബോട്ടുകളിൽ അൽപം അകലെയുള്ള എലഫന്റ ഗുഹയിലേക്ക് ഒരു യാത്ര കൂടിയാവുമ്പോഴാണ് മുംബൈ സന്ദർശനം പൂർണമാവുന്നത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാന നഗരം രാജ്യത്തെ പ്രഥമ കോസ്‌മോപൊളിറ്റൻ നഗരം കൂടിയാണ്. തലമുറകളെ വരവേൽക്കുകയും അവസരങ്ങളുടെ അക്ഷയഖനി അവർക്ക് മുമ്പിൽ തുറന്നിട്ടു കൊടുക്കുകയാണ് മഹാനഗരി. 

Latest News