Sorry, you need to enable JavaScript to visit this website.

വിമാന ദുരന്തത്തിന്റെ ഓർമകൾ ഉണരുമ്പോൾ

ഒരു വിമാന ദുരന്തം കൂടി മറവിയുടെ മേഘപാളികൾക്കിടയിൽ മറയുകയാണ്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിന് രണ്ടു മാസം പിന്നിടുകയാണ്. 21 പേരുടെ മരണത്തിനിടയാക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിമാനാപകടം എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം പുറത്തു വന്നിട്ടില്ല. 
രണ്ടു മാസങ്ങൾക്ക് ശേഷവും അപകടത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണം പോലും പൂർത്തിയായിട്ടില്ല. ഔദ്യോഗക റിപ്പോർട്ടുകളൊന്നും പുറത്തു വന്നിട്ടുമില്ല. ആകാശ യാത്രകൾ എത്ര അപകടകരമാണെന്ന അപായ സൂചനകൾ ഉയരുമ്പോഴും അന്വേഷണം നടത്തി അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കാൻ ഇപ്പോഴും കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ദുരന്തത്തിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തെ പ്രതിക്കൂട്ടിലാക്കുകയും വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തുവെന്നല്ലാതെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഗുണകരമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.


ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദാരുണമായി തകർന്നു വീണത്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് ലോകത്താകമാനം വിമാന സർവീസുകൾ നിർത്തിവെച്ചപ്പോൾ വിദേശങ്ങളിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായി സർവീസ് നടത്തിയിരുന്ന വിമാനമാണ് കരിപ്പൂരിൽ തകർന്ന് വീണ് നെടുകെ പിളർന്നത്. വിമാനത്തിന്റെ പൈലറ്റും സഹ പൈലറ്റും അപകട സ്ഥലത്തു തന്നെ മരിച്ചു. 19 യാത്രക്കാർ അന്ന് രാത്രിയിലും പിറ്റേന്നുമായി ആശുപത്രികളിലും മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. പലർക്കും പരിക്ക് ഭേദമാകാൻ ആഴ്ചകളോളം ചികിൽസയിൽ കഴിയേണ്ടി വന്നു.
190 യാത്രികരുമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ ചെറിയ വിമാനം ലാന്റിംഗിനിടെയാണ് തകർന്നു വീണത്. ആദ്യ രണ്ടു തവണ ലാന്റിംഗ് ശ്രമം പാളിയതിനെ തുടർന്ന് മൂന്നാമത്തെ ലാന്റിംഗിൽ വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിമാനത്തിന്റെ നടുഭാഗം പിളർന്നു. ദുരന്തം കണ്ട് ഓടികൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനത്തിന് പ്രധാനമായും മുന്നിട്ടിറങ്ങിയത്. കൊണ്ടോട്ടിയിലെയും കരിപ്പൂരിലെയും യുവാക്കൾ കോവിഡ് വ്യാപന ഭീതിക്കിടയിലും സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.


അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങൾ മാത്രമാണ് ഇപ്പോൾ ലോകത്തിന് മുന്നിലുള്ളത്. പൈലറ്റിന്റെ പിഴവാണോ, റൺവേയുടെ വൈകല്യമാണോ, വിമാനത്തിന്റെ സാങ്കേതിക തകരാറാണോ കാരണമെന്ന് രണ്ടു മാസത്തിന് ശേഷവും കണ്ടെത്തിയിട്ടില്ല. ദുരന്തം നടന്ന് പിറ്റേന്ന് കേന്ദ്ര വ്യോമയാന മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിവിധ തലങ്ങളിൽ അന്വേഷണം നടത്തുമെന്നും മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേഗത്തിൽ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ നടപടികളൊന്നും എങ്ങുമെത്തിയിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായധന വിതരണം നടന്നു വരുന്നുണ്ട്. ഇൻഷുറൻസ് തുക ലഭിക്കുന്നതിന് കാലതാമസമെടുക്കും. അന്വേഷണ റിപ്പോർട്ട് തയാറായ ശേഷം മാത്രമേ ഇൻഷുറൻസ് കമ്പനികൾ പണം നൽകാൻ തയാറാകൂ.


പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. കരിപ്പൂരിലെ എയർട്രാഫിക് കൺട്രോൾ യൂനിറ്റ് വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നതായും എന്നാൽ അപകടം നടന്ന സമയത്ത് പൈലറ്റ് എ.ടി.സിയുടെ നിർദേശങ്ങൾ പാലിച്ചില്ലെന്നുമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും പരിചയ സമ്പന്നനായ പൈലറ്റുമാരിൽ ഒരാളായിരുന്നു ആ വിമാനം പറത്തിയിരുന്നത്. അദ്ദേഹത്തിന് പിഴവു പറ്റാനിടയില്ലെന്ന എതിർവാദങ്ങളുമുണ്ടായി. പൈലറ്റിന്റെ പിഴവാണ് ദുരന്തമുണ്ടാക്കിയതെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്കെതിരെ പൈലറ്റുമാരുടെ ദേശീയ സംഘടന പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 


ദുരന്തത്തിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിനെതിരെ നടക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ആശങ്കകളുയർത്തുന്നത്. കരിപ്പൂരിലെ റൺവേയുടെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശക്തമായി ഉയർന്നിരുന്നു. കരിപ്പൂരിലെ ടേബിൾടോപ് റൺവേയിൽ വിമാനങ്ങളുടെ ലാന്റിംഗ് സുരക്ഷിതമല്ലെന്ന പ്രചാരണം വീണ്ടുമൊരിക്കൽ കൂടി സജീവമായി. അപകടമുണ്ടായതിൽ റൺവേക്ക് പങ്കുണ്ടോ എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. എന്നിട്ടും സോഷ്യൽ മീഡിയയിലൂടെയും മറ്റും ഈ റൺവേയെയും കരിപ്പൂർ വിമാനത്താവളത്തെയും തകർക്കുന്ന രീതിയിലുള്ള കാമ്പയിനുകളുമായി നിരവധി പേർ രംഗത്തെത്തി. ഇതിലേറെയും കേരളത്തിന് പുറത്തുള്ളവരാണെന്നത് സംശയകരമാണ്. കരിപ്പൂർ വിമാനത്താവളത്തിനെതിരെ കാലങ്ങളായി പ്രവർത്തിക്കുന്ന ലോബി അപകടം മുതലെടുത്ത് വീണ്ടും തല പൊക്കുകയായിരുന്നു. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാൻ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ എയർപോർട്ട് അതോറിറ്റിയോ കേന്ദ്ര വ്യോമയാന മന്ത്രാലയമോ ശ്രമിച്ചിട്ടുമില്ല.


അപകടം നടന്നതു മുതൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്. സൗദി എയർ ലൈൻസ് അടക്കമുള്ള ലോകത്തിലെ പ്രമുഖ വിമാന കമ്പനികൾ കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുക്കമായിരുന്നെങ്കിലും അനുമതി നൽകിയിട്ടില്ല. നിരവധി സംഘടനകളുടെ പ്രക്ഷോഭങ്ങൾക്കും മുറവിളികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം ചെവികൊടുക്കുന്നില്ല.
വിമാന ദുരന്തത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ലഭിക്കാൻ വൈകുന്നത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും പരിക്കേറ്റവരോടും ചെയ്യുന്ന നീതികേടാണ്. കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കുന്ന നിലപാടുമാണത്. അപകടം സംഭവിച്ചതെങ്ങനെയെന്ന് കണ്ടെത്തി അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എടുക്കേണ്ടതുണ്ട്. 


അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി വിവിധ തലങ്ങളിലുള്ള ആശങ്കകൾ അകറ്റേണ്ടതുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കലാണ് അതിൽ പ്രധാനം. അന്വേഷണം ഇനിയും വൈകുകയാണെങ്കിൽ, അത് പൂർത്തിയാകാൻ കാത്തു നിൽക്കാതെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ നിന്ന് സർവീസ് നടത്താനുള്ള അനുമതി നൽകാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തയാറാകണം. നീണ്ടു പോകുന്ന അന്വേഷണത്തിന്റെ പേരിൽ, ഗൾഫ് നാടുകളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ സുഗമമായ യാത്രാമാർഗം തടസ്സപ്പെടുത്തുന്നത് അനീതിയാണ്.
 

Latest News