ന്യൂദൽഹി- കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന കർഷക റാലിക്ക് ഹരിയാനയിലേക്ക് കടക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സംഘർഷം. ഒടുവിൽ പോലീസ് അനുമതി നൽകി. റാലി തടയില്ലെന്ന് നേരത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചിരുന്നു.
പോലീസ് എത്ര മണിക്കൂർ തടഞ്ഞിട്ടാലും റാലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
പോലീസ് ഞങ്ങളെ ഹരിയാനയിലേക്ക് കടക്കാൻ അനുവദിക്കാതെ അതിർത്തിയിൽ തടഞ്ഞിരിക്കുന്നു. അതിർത്തി തുറക്കുന്നത് വരെ ഞാനിവിടെ കാത്തുനിൽക്കും. രണ്ടുമണിക്കൂറാണെങ്കിൽ രണ്ടു മണിക്കൂർ.ആറു മണിക്കൂറാണെങ്കിൽ ആറു മണിക്കൂർ. പത്തെങ്കിൽ പത്ത്. 24 മണിക്കൂറെങ്കിൽ അങ്ങിനെ. നൂറോ ഇരുന്നൂറോ അഞ്ഞൂറോ മണിക്കൂറാണെങ്കിൽ അത്രയും. ഞാൻ ഇവിടെനിന്ന് അനങ്ങാൻ പോകുന്നില്ലെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.
പുതിയ കാർഷിക നയം മോഡി സർക്കാറിന് പറ്റിയ ഏറ്റവും പുതിയ തെറ്റാണെന്നും രാഹുൽ പറഞ്ഞു. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനം വരെ പോരാടുമെന്നും രാഹുൽ വ്യക്തമാക്കി. പഞ്ചാബിലെ മോഗയിൽനിന്നാണ് കർഷക റാലി ആരംഭിച്ചത്.






