ഹാഥ്‌റസ് സംഭവം ഞെട്ടിപ്പിച്ചെന്ന് ചീഫ് ജസ്റ്റിസ്; ഹൈക്കോടതി പരിഗണിക്കേണ്ട കേസെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അസാധാരണവുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ നിരീക്ഷിച്ചു. ഹാഥ്‌റസ് സംഭവം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുതാല്‍പര്യ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. 100 വനിതാ അഭിഭാഷകരാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ പിന്തുണച്ചു. 

അതേസമയം ഈ ആവശ്യവുമായി എന്തുകൊണ്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരായ വനിതാ അഭിഭാഷകര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിനോട് ചോദിച്ചു. കേസ് ഇപ്പോള്‍ സിബഐക്കു കൈമാറിയതു കൊണ്ടും കേസ് യുപി പുറത്തേക്കു മാറ്റണമെന്നതും കൊണ്ടുമണെന്ന് അവര്‍ മറുപടി നല്‍കി. അലഹാബാദ് ഹൈക്കോടതി ഒരു ഭരണഘടനാ കോടതിയാണെന്നും കേസ് പരിഗണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന കേസ് ആയത് കൊണ്ടാണ് ഈ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചതെന്നും മറിച്ചാണെങ്കില്‍ ഈ കേസ് ഇവിടെ പരിഗണിക്കേണ്ടതല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Latest News