കൊല്ലം- അഞ്ചൽ ഉത്ര വധക്കേസിന്റ വിചാരണ നാളെ ആരംഭിക്കും. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ കൊല്ലത്തെ ആറാം നമ്പർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെയാണ് വിചാരണ. പ്രതിയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഉത്ര വധക്കേസിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഫോൺ രേഖകളുമടക്കം രേഖപ്പെടുത്തിയ രണ്ടായിരത്തിലേറെ പേജുകളുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപിച്ചിട്ടുള്ളത്. രണ്ടു ഭാഗങ്ങളുള്ള കുറ്റപത്രത്തിന്റെ ആദ്യ ഭാഗം റൂറൽ മേഖലാ ഡിവൈ.എസ്.പി. എ. അശോകനാണ് പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപിച്ചത്. ഇതിൽ ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്. കുമാർ (28) മാത്രമാണു പ്രതി. ബോധപൂർവം നടത്തിയ കൊലപാതകം, കൊലപാതക ശ്രമം, മരണകാരണമായ ദേഹോപദ്രവം, തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നൂറോളം പേജുള്ള പോലീസ് റിപ്പോർട്ടും കുറ്റപത്രത്തിലുണ്ട്. 250 പേജിലധികം പരിശോധനാ ഫലങ്ങളാണ്. 500 ലേറെ ഫോൺ രേഖകളും 217 പേരുടെ സാക്ഷി മൊഴികളുമുണ്ട്. കഴിഞ്ഞ മേയ് ആറിന് രാത്രിയിലാണ് അഞ്ചൽ ഏറം വിഷു (വെള്ളശേരിൽ) വിജയസേനന്റെ മകൾ ഉത്ര (25) കിടപ്പുമുറിയിൽ പാമ്പുകടിയേറ്റു കൊല്ലപ്പെടുന്നത്. മേയ് 24 ന് ഭർത്താവ് സൂരജ് പിടിയിലായി. ആസൂത്രിതവും അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണു നടത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഉത്രയെ താൻ കൊലപ്പെടുത്തിയതാണെന്നു തെളിവെടുപ്പിനിടെ സൂരജ് മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. ഈ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂരജ് അറസ്റ്റിലായി 82-ാം ദിവസമാണ് കുറ്റപത്രം സമർപിച്ചത്. പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷ് കേസിൽ മാപ്പു സാക്ഷിയാണ്. സൂരജിന്റെ പിതാവ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിലും ഗൂഢാലോചനയിലുമുള്ള പങ്കു തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഗാർഹികപീഡന കേസിൽ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം കുറ്റപത്രത്തിൽ ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. സൂരജിന്റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സൂരജും പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷും ജയിലിലാണ്. കൊല്ലം റൂറൽ എസ്.പി. എസ്. ഹരിശങ്കറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.






