തിരുവനന്തപുരം- ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ബംഗളൂരുവിൽ തുടരുന്ന ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകിട്ടാണ് ബിനീഷ് ബംഗളൂരുവിലേക്ക് പോയത്. സഹോദരൻ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണ് ബിനീഷ് ബംഗളൂരുവിൽ എത്തിയത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ബിനീഷിന് ഇഡി നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിനെ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. 2015ൽ കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് കോടിയേരി പണം നൽകി സഹായിച്ചെന്ന് അനൂപ് എൻസിബിക്ക് മൊഴി നൽകിയിരുന്നു.






