മുംബൈ- വിവിധ ആശുപത്രികളിലായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കോവിഡ്19 രോഗികളില്‍ 30 ശതമാനം പേരും 40 വയസ്സിനു താഴെ പ്രായമുള്ളവരാണെന്ന് മുംബൈയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍. കഴിഞ്ഞ മാസം മാത്രം 34 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ യുവജനങ്ങള്‍ ഡോക്ടര്‍മാരെ കണ്ട് നിര്‍ദേശങ്ങള്‍ തേടുന്നതിനും പരിശോധന നടത്തുന്നതിനും പകരം സ്വയം ചികിത്സയില്‍ അഭയം തേടുന്നതാണ് പ്രശ്‌നം. ഒടുവില്‍ ഇവര്‍ സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തന്ന സ്ഥിതിവിശേഷമാണെന്നും ആശുപത്രികള്‍ പറയുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
മുംബൈ പ്രാദേശിക ഭരണകൂടമായ ബ്രിഹന്‍മുംബൈ കോര്‍പറേഷന്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ഒരുക്കിയ കൂറ്റന്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗികളില്‍ 25 ശതമാനവും ഈ ഗണത്തില്‍ ഉള്‍പ്പെട്ട രോഗികളാണ്. ബോംബെ ഹോസ്പിറ്റലില്‍ ഇവരുടെ എണ്ണം 30 ശതമാനം വരും. ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ 16 ശതമാനവും. ഇവര്‍ എല്ലാവരും 40 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. മൊത്തം കോവിഡ്19 രോഗികളില്‍ 31.15 ശതമാനമാണ് യുവജനങ്ങള്‍. മൊത്തം കോവിഡ് മരണങ്ങളില്‍ ഇവരുടെ എണ്ണം 4.76 ശതമാനം വരും.
സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിട്ടും പോസിറ്റീവായിട്ടും വീട്ടില്‍ സ്വയം ചികിത്സ നടത്തുന്നതായി കാണപ്പെടുന്നു. ഇവര്‍ വൈകാതെ ആശുപത്രിയിലെത്തുകയും ചെയ്യുന്നുവെന്ന് കോര്‍പറേഷന്റെ ആശുപത്രിയിലെ ഡീന്‍ ഡോ രാജേഷ് ഡെരെ പറയുന്നു. സ്വയം ചികിത്സയില്‍ പലരുടേയും തെറ്റിദ്ധാരണ വിനയാകുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. നടപ്പു പനിയാണെന്നു കരുതി സ്വയം ചികിത്സ ഒരു യുവാവ് ഇപ്പോള്‍ ഓക്‌സിജന്‍ യന്ത്രത്തിന്റെ സഹായത്തോടെ തീവ്രപരിചരണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങള്‍ പലപ്പോഴും ലക്ഷണങ്ങളുണ്ടായിട്ടും ഏഴും എട്ടും ദിവസങ്ങള്‍ക്കു ശേഷമാണ് ആശുപത്രിയിലെത്തുന്നതെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. രാഹുല്‍ പണ്ഡിറ്റ് പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച നഗരമായ മുംബൈയില്‍ 2.15 ലക്ഷേ പേര്‍ക്കാണ് രോഗം പിടിപെട്ടത്. 9,152 പേര്‍ മരിക്കുകയും ചെയ്തു.