ചണ്ഡീഗഢ്- കൃഷിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി പഞ്ചാബില്‍ നിന്നാരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയിലേക്ക് പ്രവേശിക്കും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ സംഘടിപ്പിച്ചാണ് റാലി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലാണ് രാഹുല്‍ എത്തിച്ചേരുക. ഇവിടെ രാഹുലിന്റെ റോഡ് ഷോയും ഉണ്ടാകും. വൈകീട്ട് മൂന്നോടെ രാഹുല്‍ കര്‍ഷകരെ കാണും. ഇവിടെ നിന്ന് കുരുക്ഷേത്രയിലേക്കും റോഡ് ഷോ നയിച്ച് അവിടെ കര്‍ഷകരുടെ ചന്തയില്‍ അവരെ കാണുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസത്തില്‍ പ്രധാന്യമുള്ള ഗ്രാമമായ ജ്യോതിസാഗറിലും രാഹുല്‍ സന്ദര്‍ശനം നടത്തുമെന്നും റിപോര്‍ട്ടുണ്ട്.
രാഹുലിന്റെ വരവിനു മുന്നോടിയായി ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. റാലിക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ അതു പാലിക്കേണ്ടതുണ്ടെന്നും കുരുക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണര്‍ ശരണ്‍ദീപ് കൗര്‍ ബരാര്‍ പറഞ്ഞു. പഞ്ചാബില്‍ നിന്നെത്തുന്ന ട്രാക്ടറുകള്‍ക്ക് നിയന്ത്രണമില്ലെന്നും എന്നാല്‍ അവ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 100ല്‍ കൂടുല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ് നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ശെല്‍ജയ്ക്ക് കരുക്ഷേത്ര ജില്ലാ ഭരണകൂടം കത്തെഴുതിയിട്ടുണ്ട്. ക്രമസമാധാനം സംരക്ഷിക്കാന്‍ 16 കാര്യങ്ങളില്‍ സഹകരണം തേടിയാണ് കത്ത്. 100ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടാതിരിക്കുക, മാസ് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയും ഇതിലുള്‍പ്പെടും. ദല്‍ഹി-ചണ്ഡിഗഢ് ഹൈവേയില്‍ ട്രാഫിക് മുടക്കുന്ന രീതിയില്‍ ട്രാക്ടറുകള്‍ വിന്യസിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.